നന്മ നിറഞ്ഞൊരു നോമ്പുകാലം
text_fieldsനോമ്പുകാലം എന്നത് കുട്ടിക്കാലത്ത് നിറയെ കൈയിൽ കിട്ടുന്ന പൊരിക്കടികളുടെയും അരികടുക്കയുടെയുമാണ്. സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ വൈകുന്നേരം അമ്മ വരുന്നതുവരെ ഒരു കാത്തിരിപ്പായിരുന്നു. അന്ന് അമ്മ ജോലി ചെയ്യുന്നത് ഷെരീഫിക്കയുടെ സ്റ്റിച്ചിങ് യൂനിറ്റിലായിരുന്നു. അവരുടെ വീടും യൂനിറ്റിമെല്ലാം ഒരുമിച്ചയായിരുന്നത് എനിക്ക് കിട്ടിയ വലിയ ബോണസാണ്. അവിടത്തെ സ്നേഹനിധിയായ നബീസുമ്മയാണ് താരം. ഇത് മോൾക്കെന്ന് പറഞ്ഞ് അമ്മയുടെ കൈയിലെന്നും ഉമ്മ ഒരു പൊതി കൊടുത്തുവിടും . അത് കൈയിൽ കിട്ടുമ്പോൾ ഉള്ള ഒരു സന്തോഷം പറഞ്ഞറിയിക്കുന്നതിലുമപ്പുറമായിരുന്നു. ഓരോ ദിവസവും കിട്ടുന്ന പൊതിയിലെ അരിക്കടുക്കയും ഉന്നക്കായും ഇന്നും എന്നെയേറെ കൊതിപ്പിക്കുകയാണ്.
അങ്ങനെ എല്ലാ ദിവസവും വൈകുന്നേരത്തെ ബാങ്ക് വിളിയും കാത്തുള്ള ഇരിപ്പാണ്. പെരുന്നാൾ ദിനം എത്തിയാൽ പിന്നെ പറയേണ്ടതില്ല. നബീസുമ്മയുടെ സ്പെഷൽ ദo ബിരിയാണി എത്തും. ഒത്തിരി സ്നേഹത്തോടു കൂടി മാത്രമേ ഇന്നും ഈ ഓർമകൾ പങ്ക് വെക്കാൻ കഴിയൂ... നന്മ നിറഞ്ഞ നബീസുമ്മ ഇന്ന് ജീവിച്ചിരിക്കുന്നില്ലെങ്കിലും ആ സ്നേഹം ഓരോ നോമ്പുകാലം വരുമ്പോഴും എന്നെ ഓർമപ്പെടുത്തുന്ന ഒന്നാണ്.
കുട്ടികാലത്ത് നോമ്പിന്റെ മഹത്വത്തെ കുറിച്ചും ത്യാഗത്തെ കുറിച്ചും അറിവില്ലെങ്കിലും ഇന്ന് വർഷങ്ങൾക്കിപ്പുറം ഓരോ റമദാൻ മാസങ്ങൾ കടുന്നുപോകുമ്പോൾ സൽക്കർമ്മങ്ങളുടെയും കാരുണ്യത്തിന്റെയും പ്രതിഫലമാണ് റമദാൻ എന്ന് ബോധ്യപ്പെടുത്തുകയാണ്. പ്രവാസിയായി ഒമാനിൽ എത്തിയതിനുശേഷം വിവിധ സംഘടനകൾ നടത്തുന്ന സമൂഹ നോമ്പുതുറകളിൽ പങ്കെടുക്കുവാൻ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നിച്ചു ജോലി ചെയ്യുന്നവരുടെ രാജ്യത്തെ പെരുന്നാൾ വിശേഷങ്ങളും അവർ റമദാൻ മാസത്തിൽ ചെയ്യുന്ന സകാത്തുകളുടെ കാര്യങ്ങൾ അറിയുമ്പോയും കൂടുതൽ സന്തോഷം.
ഞാൻ ജോലിചെയ്യുന്ന സ്കൂളിൽ ആയാലും അവിടത്തെ കുട്ടികളുമായി സഹകരിച്ചു നിരവധി ജീവകാരുണ്യ പ്രവൃത്തികൾ ചെയ്യുന്നുണ്ട്. ഇതൊക്കെ ഈ പുണ്യമാസത്തെ പറ്റി കൂടുതലറിയാൻ അവസരമുണ്ടാക്കിയിട്ടുണ്ട് . നന്മ നിറഞ്ഞ ഒരു നോമ്പുകാലവും കടന്നു പോവുകയാണ്. ജാതിഭേദമില്ലാതെ എല്ലാവരും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകട്ടെ, എല്ലാവരുടെയും മനസ്സിൽ സ്നേഹവും കാരുണ്യവും നിറയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

