റൈസൂത്ത് മത്സ്യബന്ധന തുറമുഖം വികസന പദ്ധതി അന്തിമഘട്ടത്തിലേക്ക്
text_fieldsറൈസൂത്ത് മത്സ്യബന്ധന തുറമുഖ മേഖലയുടെ ആകാശ ദൃശ്യം
സലാല: സലാല വിലായത്തിലെ റൈസൂത്ത് മത്സ്യബന്ധന തുറമുഖ വികസന പദ്ധതി 81 ശതമാനം പൂർത്തിയായതായി കൃഷി- മത്സ്യബന്ധന- ജലവിഭവ മന്ത്രാലയം അറിയിച്ചു. ഏകദേശം 30 ലക്ഷം ഒമാനി റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിശ്ചിത ക്രമത്തിനനുസരിച്ച് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും രണ്ടു മാസത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതായും ദോഫാർ ഗവർണറേറ്റിലെ ഫിഷറീസ് വകുപ്പ് ഡയറക്ടർ എൻജിനീയർ അബ്ദുൽ നാസർ ഔബാദ് ഗവാസ് ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
എൻജിനീയർ അബ്ദുൽ
നാസർ ഔബാദ് ഗവാസ്
സലാല വിലായത്തിലെ പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് പിന്തുണ നൽകുകയും മത്സ്യബന്ധന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 610 മീറ്റർ നീളമുള്ള പുലിമുട്ട്, 60 മീറ്റർ നീളമുള്ള സ്ഥിരം വാർഫ്, കൂടാതെ മണലും ചെളിയും തുറമുഖത്തേക്ക് കയറുന്നത് തടയാൻ 250 മീറ്റർ നീളമുള്ള കൽകെട്ട് എന്നിവ നിർമിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനൊപ്പം, ബോട്ട് റാംപ്, നിലവിലുള്ള റോഡിൽനിന്ന് സ്ഥിരം വാർഫിലേക്കുള്ള ഒരു കിലോമീറ്റർ നീളമുള്ള റോഡിന്റെ കല്ലുപതിക്കൽ, വെളിച്ച സംവിധാനങ്ങൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജ് സംവിധാനങ്ങൾ എന്നിവയും പദ്ധതിയിലുൾപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി തുറമുഖത്തുനിന്ന് ഏകദേശം 100,000 ക്യൂബിക് മീറ്റർ മണൽ നീക്കം ചെയ്യും. സ്ഥിരം വാർഫിനോട് ചേർന്ന് 30,000 ചതുരശ്ര മീറ്റർ ഭൂമി പുനരുദ്ധരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൈസൂത്ത് മത്സ്യബന്ധന തുറമുഖ വികസന പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കൂടാതെ, ദോഫാർ ഗവർണറേറ്റിൽ മന്ത്രാലയത്തിന്റെ പദ്ധതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നാല് ഭാവി പദ്ധതികൾ മുൻഗണനയനുസരിച്ച് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ മിർബാത്ത് വിലായത്തിലെ മത്സ്യബന്ധന തുറമുഖ വികസനം, സദാ, റഖ്യൂത്ത് വിലായത്തുകളുടെ കേന്ദ്രങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങൾ സ്ഥാപിക്കൽ, കൂടാതെ ഷാലിം -അൽ ഹല്ലാനിയാത്ത് ഐലന്റ് വിലായത്തിലെ അൽ ഷുവൈമിയയിൽ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്ന പദ്ധതി എന്നിവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

