മസ്കത്തിൽ മഴയാശ്വാസം
text_fieldsമസ്കത്തിലെ ആമിറാത്തിൽ പെയ്ത ചാറ്റൽ മഴയുടെ ദൃശ്യം
മസ്കത്ത്: വടക്കൻ ഒമാനിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളിൽ മഴയും തണുത്ത കാറ്റുമെത്തി. ചൊവ്വാഴ്ച രാവിലെ മസ്കത്ത് ഗവർണറേറ്റിൽ ആശ്വാസമായി ചാറ്റൽ മഴ ലഭിച്ചു. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ചെറുതും ഇടത്തരം ശക്തിയുമുള്ള മഴ ലഭിച്ചതോടെ ആശ്വാസമായി. മഴയെത്തുടർന്ന് മസ്കത്തിൽ അന്തരീക്ഷ താപനില താഴ്ന്നു. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ചൊവ്വാഴ്ച ഒമാൻ സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ വ്യാപക മഴ ലഭിച്ചു.
വടക്കൻ ഗവർണറേറ്റുകളിലുടനീളം മേഘാവൃതമായ ആകാശം രൂപപ്പെട്ടു. ഇടവിട്ട് മഴ ലഭിക്കുകയും ചെയ്തു. മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും ശക്തമായ മഴലഭിച്ചത്. ഇവിടെ വാദികൾ നിറഞ്ഞൊഴുകി. മഴക്കാലത്ത് വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലും വാദികൾക്കടുത്തും താമസിക്കുന്നവർ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, ചൊവ്വാഴ്ച മുതൽ ശീതതരംഗം അനുഭവപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ വ്യക്തമായ കുറവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
മസ്കത്തിൽ താപനില 16 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച 21 ഡിഗ്രി സെൽഷ്യസായിരുന്നു മസ്കത്തിലെ താപനില. കാറ്റ് സജീവാമാകാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കാലാവസ്ഥയിലെ മാറ്റം ദൃശ്യപരത കുറയാനും കാരണമാകും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജബൽ ശംസ് പോലുള്ള പർവതപ്രദേശങ്ങളിൽ താപനില ഏകദേശം 1.5 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്കത്ത് ഗവർണറേറ്റുകളിലും അറേബ്യൻ കടൽത്തീരങ്ങളുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ശൈത്യകാലമെത്തിയതോടെ ഒമാനിലുടനീളം സുഖകരമായ കാലാവസ്ഥയാണ്. ജംബൽ ഷംസ്, ജബൽ അഖ്ദർ പോലുള്ള പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
ഒമാനിലെ പർവത മേഖലകളിൽ ശൈത്യകാല ക്യാമ്പിങ്ങുകളും സജീവമാണ്. അതേസമയം ഒമാനിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്ന് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

