ഒമാനിൽ വിവിധയിടങ്ങളിൽ മഴ തുടരും; ഹജർ മലനിരകളിൽ ഇടിമിന്നലിനും കനത്ത മഴക്കും വാദികളിൽ മലവെള്ളപ്പാച്ചിലിനും സാധ്യത
text_fieldsമസ്കത്ത്: ഞായറാഴ്ച ഒമാനിൽ പലയിടങ്ങളിലും പെയ്ത മഴ തിങ്കളാഴ്ചയും തുടരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് കാര്യമായി മഴ ലഭിച്ചത്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെടാനും ശക്തമായ ഇടിമിന്നലോടുകൂടിയ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹജർ മലനിരകളിലും അതിന്റെ പരിസര പ്രദേശങ്ങളിലുമാണ് പ്രധാനമായും ഇടിമിന്നലോടുകൂടിയ മഴ ശക്തമാകാൻ സാധ്യതയുള്ളത്. മഴക്കൊപ്പം വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റ് കാരണം റോഡുകളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇടയുണ്ട്. കനത്ത മഴയെത്തുടർന്ന് വാദികളും താഴ്ന്ന പ്രദേശങ്ങളും പെട്ടെന്ന് മലവെള്ളപ്പാച്ചിലിൽ മുങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

