പലയിടത്തും കനത്ത മഴ
text_fieldsമസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് വടക്കൻ ഗവർണറേറ്റുകളിൽ പലയിടത്തും കനത്ത മഴ. ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളുടെ വിവിധയിടങ്ങളിലാണ് ഞായറാഴ്ച രാവിലെയോടെ കനത്ത മഴ പെയ്തത്. ശർഖിയയിലാണ് മഴ ഏറ്റവും രൂക്ഷമായത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകി. ചിലയിടങ്ങളിൽ ശക്തമായ കാറ്റിെൻറ അകമ്പടിയോടെയായിരുന്നു മഴപ്പെയ്ത്ത്. മൂടിക്കെട്ടിയ കാലാവസ്ഥ നാലുദിവസമായി തുടരുന്നതിനിടയിൽ ഇബ്ര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു.
കനത്ത മഴയിൽ ഇബ്രി വാദിയിൽ കുടുങ്ങിയ രണ്ടുപേരെ റെസ്ക്യൂ ടീം ഏറെ നേരം പരിശ്രമിച്ചാണ് രക്ഷിച്ചത്. നിസ്വ, ബഹ്ല, അല്‍ അവാബി, ഇബ്രി, ദങ്ക്, യങ്കല്‍, സുഹാര്‍, ജബല്‍ അഖ്ദര്‍, ബിര്‍കത്ത് അല്‍ മൗസ്, ജബല്‍ ശംസ് തുടങ്ങി വിവിധ ഇടങ്ങളിലാണ് മഴ പെയ്തിരുന്നത്. അതിനു പിന്നാലെയാണ് ഞായറാഴ്ച രാവിലെ മുതൽ മഴ കനക്കാൻ തുടങ്ങിയത്. 11 മണിയോടെ ശക്തി പ്രാപിച്ചതോടെ മഴ ജനജീവിതത്തെയും ബാധിച്ചു. മഴ ശക്തമായതോടെ വിവിധ പ്രദേശങ്ങളിലെ വാദികള്‍ നിറഞ്ഞൊഴുകി. മഴയെ തുടർന്ന് റോഡുകളിൽ വെള്ളം ഇരച്ചുകയറി വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതക്കുരുക്കിനും കാരണമായി. സിഗ്നലുകൾ ലഭിക്കാതായതോടെ റോഡിൽ ഗതാഗതതടസ്സം നേരിട്ടു. വാഹനങ്ങളുടെ നീണ്ട നിരയാണ് പിന്നീട് കാണാനായത്. മഴ ശക്തമായതിനെ തുടർന്ന് സ്കൂൾ അധ്യയനവും തടസ്സപ്പെട്ടു. മേഘാവൃതമായ അന്തരീക്ഷത്തിൽ ക്ലാസ് തുടങ്ങിയെങ്കിലും കനത്ത മഴ വർഷിച്ചതോടെ പല ഗവർണറേറ്റുകളിലും സ്കൂൾ നേരത്തെ അവസാനിപ്പിച്ചു.
കനത്ത മഴയിൽ റുഷ്താഖ് മേഖലയിൽ മലവെള്ളപ്പാച്ചിലിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. റോയൽ ഒമാൻ പൊലിസ് ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്തിയാണ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയത്.വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി. ശക്തമായ മിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് ഒമാന്‍ മെറ്ററോളജി വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ചൊവ്വാഴ്ച വരെ കനത്ത മഴക്കുതന്നെയാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വുസ്ത, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളില്‍ ഉൾപ്പെടെ മഴ ലഭിക്കും. ആഴ്ചകൾക്ക് മുമ്പ് സംഹാരതാണ്ഡവം തീർത്തത് പോലുള്ള നാശനഷ്്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വലിയ നാശനഷ്്ടമുണ്ടായ മത്രയിൽ കാലാവസ്ഥ നിരീക്ഷണ വാർത്തകളെ തുടർന്ന് വ്യാപാരികൾ വലിയ മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ മഴ അധിക നഷ്്ടങ്ങളൊന്നും വരുത്തിയില്ല. വാദികളിൽ വെള്ളം പൊങ്ങിയത് വലിയ ആശങ്കയുണ്ടാക്കിയെങ്കിലും മഴ ശമിച്ചതോടെ അതും നിയന്ത്രണവിധേയമായി. താഴ്വാരങ്ങൾ നിറഞ്ഞുകവിയാൻ സാധ്യതയുള്ളതിനാൽ മുറിച്ചുകടക്കുന്നതിന് കർശനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലിൽ പോകുന്നത് കർശനമായ വിലക്കിയ അധികൃതർ ബീച്ചുകളിൽ സമയം ചെലവിടാനും മുതിരരുതെന്ന് മുന്നറിയിപ്പ് നൽകി. രാജ്യത്തിെൻറ പല ഭാഗങ്ങളിൽ നാലുദിവസമായ മൂടിക്കെട്ടിയ കാലാവസ്ഥതന്നെയാണ് തുടരുന്നത്. പല സമയങ്ങളിലായി വ്യത്യസ്ത ഇടങ്ങളിൽ ചാറ്റൽ മഴയും ഉണ്ടായിരുന്നു. ഇതിനുപിന്നാലെ ശനിയാഴ്ച രാത്രിയോടെ ഇരുണ്ടുകൂടിയ അന്തരീക്ഷമാണ് ഞായറാഴ്ച രാവിലെ മുതൽ കനത്തുപെയ്തത്. ന്യൂനമർദംമൂലം ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ശക്തമായ മിന്നലിന് സാധ്യത; ജാഗ്രത തുടരണം
മസ്കത്ത്: കാലാവസ്ഥ ശക്തിപ്പെട്ട പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും കനത്ത മഴക്കൊപ്പം ശക്തമായ മിന്നലിന് സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണെമന്നും സിവിൽ ഏവിയേഷൻ െപാതു അതോറിറ്റി അറിയിച്ചു. ദാഹിറ, ബുറൈമി, ബതീനയുടെ തെക്ക്-വടക്ക് ഭാഗങ്ങൾ, മസ്കത്ത്, ദാഖിലിയ മേഖലകളിലാണ് മിന്നലോടുകൂടിയുള്ള കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം ശക്തമായും കാറ്റും ആലിപ്പഴവർഷവുമുണ്ടായേക്കും. 30 മുതൽ 60 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.
വാദികളുടെ പരിസരങ്ങളിൽ കൂടി കടന്നുപോകുന്നവരും താമസക്കാരും അതീവ ജാഗ്രത തുടരണമെന്ന് അധികൃതർ ശക്തമായ മുന്നിറിയിപ്പ് നൽകി.
വാദികൾ നിറഞ്ഞുകവിയാനുള്ള സാധ്യതയേറെയായതിനാൽ വാലി മുറിച്ചുകടക്കാനോ, പരിസരത്ത് കൂടുതൽ സമയം ചിലവഴിക്കാനോ പാടില്ലെന്ന് കർശന നിർദേശമുണ്ട്. ജാഗ്രത നിർദേശം നിലനിൽക്കുന്നതിനാൽ കടലിൽ പോകാനോ ബീച്ചിൽ കളിക്കാനോ പാടില്ലെന്ന് സിവിൽ ഏവിയേഷൻ അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.
സ്കൂളുകൾ നേരത്തേ വിട്ടു; സായാഹ്ന ക്ലാസുകൾ നിർത്തിവെക്കണം
മസ്കത്ത്: കനത്ത മഴയയെത്തുടർന്ന് വിവിധ ഗവർണറേറ്റുകളിലെ സ്കൂളുകളിൽ അധ്യയനം നേരത്തേ അവസാനിപ്പിച്ചു. മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നതിനാൽ ഞായറാഴ്ച രാവിലെയും അധ്യയനം തടസ്സപ്പെട്ടിരുന്നു. പിന്നാലെ മഴ ശക്തി പ്രാപിച്ചതോടെ സ്കൂളുകളിൽ ക്ലാസുകൾ അവസാനിപ്പിക്കുകയായിരുന്നു. ശക്തമായ മഴയും അസ്ഥിര കാലാവസ്ഥയും തുടരുന്നതിനാൽ സായാഹ്ന ക്ലാസുകൾ പൂർണമായും നിർത്തിവെക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. ഡിസംബർ 10 വരെ സായാഹ്നക്ലാസുകൾ നടത്തരുതെന്നാണ് നിർദേശിച്ചിരിക്കുന്നത്. ദോഫാർ, വുസ്ത മേഖലകളിലൊഴികെ രാജ്യത്ത് ഒരിടത്തും വൈകുന്നേരത്തെ പഠനക്ലാസുകൾ നടത്തേണ്ടതില്ലെന്ന് മന്ത്രാലയം വാർത്തകുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
