ചൂടിന് ആശ്വാസമായി വിവിധ പ്രദേശങ്ങളിൽ മഴ
text_fieldsബുറൈമിയിൽ കഴിഞ്ഞ ദിവസം പെയ്ത മഴ
മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് സുൽത്താനേറ്റിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. ആലിപ്പഴവും വർഷിച്ചു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വടക്കൻ ശർഖിയ, ദാഹിറ, ദാഖിലിയ, ബുറൈമി ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിലാണ് ഉച്ചക്കു ശേഷം മഴ ലഭിച്ചത്. നിസ്വ, ബുറൈമി, ബഹ്ല എന്നിവിടങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ പെയ്തത്. ഉച്ചക്കുശേഷം പതിയെ തുടങ്ങിയ മഴ വൈകീട്ടോടെ കനക്കുകയായിരുന്നു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റം വന്നു. അതേസമയം, മസ്കത്തടക്കമുള്ള രാജ്യത്തെ മറ്റു ഗവർണറേറ്റുകളിൽ നല്ല ചൂടാണ് അനുഭവപ്പെടുന്നത്.

