ഒമാനിലെ വിവിധ വിലായത്തുകളിൽ മഴ; വാദികൾ നിറഞ്ഞൊഴുകി
text_fieldsമസ്കത്ത്: വടക്കൻ ശർഖിയ, ദാഹിറ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ മഴ. വാദികൾ കവിഞ്ഞൊഴുകി. ശക്തമായ കാറ്റിന്റെ അകമ്പടിയോടെ വ്യത്യസ്ത തീവ്രതയിൽ മഴ കോരിച്ചെരിയുകയായിരുന്നു. പലയിടങ്ങളിലും ആലിപ്പഴവും വർഷിച്ചു. മുദൈബി, ദിമ വതാഈൻ വിലായത്തുകളിൽ നേരിയതും കനത്തതുമായ മഴയാണ് ലഭിച്ചത്.
അൽ ജർദ, അൽ വാരിയ ബാദ് പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതോടെ അൽ റക്, ഐൻ പോലുള്ള വാദികളും കവിഞ്ഞൊഴുകി. അൽ ഹജർ പർവത പ്രദേശങ്ങൾക്ക് സമീപവും മഴ ലഭിച്ചതായി രേഖപ്പെടുത്തി. യാങ്കുൽ വിലായത്തിലും, താവി അൽ-നവാമിയ, ജബ്ബ ബിൻ ഗനൂം, വാദി അൽ ഖബീബ് എന്നീ ഗ്രാമങ്ങളിലേക്കും മഴ വ്യാപിച്ചത് വെള്ളപ്പൊക്കത്തിന് കാരണമായി.
അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ ദോഫാർ അടക്കുമുള്ള ഗവർണറേറ്റുകളിലും മഴ കൂടുതലായി ലഭിക്കാൻ സാധ്യതയുണ്ട്. ഖരീഫിനോടനുബന്ധിച്ചുള്ള ചാറ്റൽ മഴയാണ് ദോഫാറിൽ അധികവും അനുഭവപ്പെടുന്നത്.
അതേസമയം തലസ്ഥാന നഗരമായ മസ്‌കത്തിൽ താപനിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സമീപ പ്രദേശങ്ങളിൽ മഴ വർഷിക്കുമ്പോൾ മസ്‌കത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്. മഴ കാര്യമായി കനിയാതിരുന്നത് കാലാവസ്ഥയിൽ പ്രകമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

