ഒമാനിൽ ഇന്നും ഇടി, മഴ, പൊടിക്കാറ്റ് തുടർന്നേക്കും
text_fieldsമസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ്, മഴ എന്നിവക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച സുൽത്താനേറ്റിന്റെ വിവിധ ഗവർണറേറ്റുകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഹജർ പർവതനിരകൾക്ക് മുകളിൽ കാർമേഘങ്ങൾ രൂപപ്പെട്ടുതുടങ്ങിയതിന്റെ ഫലമായി പലയിടങ്ങളിലും ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബുറൈമി, വടക്കൻ ബാത്തിന ഗവർണറേറ്റുകളുടെ വടക്കൻ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ രാത്രി എട്ടു വരെ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും ഇതേ സമയങ്ങളിൽ ഇടത്തരം കാറ്റും അനുഭവപ്പെടാം. ഹജർ പർവതനിരകൾ, അതിനോട് ചേർന്നുള്ള പ്രദേശങ്ങൾ, ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ രാത്രി എട്ടുവരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. അൽ ജാസിർ, ദുഖം, ജലാൻ ബാനി ബു അലി, സാദ, ഷാലിം, ഹല്ലാനിയാത് ദ്വീപുകൾ, മഹൂത്, മസീറ എന്നീ പ്രദേശങ്ങളിൽ ഉച്ചക്ക് 12 മുതൽ രാത്രി 11 വരെ ശക്തമായ കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ആദം, അൽ മസ്യൂന, തുംറൈത്ത്, ഇബ്രി, മഖ്ഷിൻ, ഹൈമ എന്നീ പ്രദേശങ്ങളിലും സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലും ഉച്ചക്ക് 12 മുതൽ രാത്രി 11 വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇവിടെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദോഫാർ ഗവർണറേറ്റിലെ പർവതപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഉച്ചക്ക 12 മുതൽ രാത്രി 11 വരെ ചെറിയ തോതിൽ മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

