ജീവിതനിലവാരത്തിൽ ഒമാൻ ഏഷ്യയിൽ നമ്പർ വൺ; ലോകത്തിൽ മൂന്നാമത്
text_fieldsമസ്‌കത്ത്: പ്രമുഖ അന്താരാഷ്ട്ര ഡാറ്റാബേസ് ഏജൻസിയായ നംബിയോ പുറത്തുവിട്ട 2026 മിഡ്-ഇയർ സൂചിക പ്രകാരം, ഏഷ്യയിൽ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള രാജ്യമായി ഒമാനെ തെരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും മികച്ച വാസയോഗ്യമായ രാജ്യങ്ങളുടെ പട്ടികയിൽ ഡെന്മാർക്കിനൊപ്പം ആഗോളതലത്തിൽ മൂന്നാം സ്ഥാനവുംസ്വന്തമാക്കി ഒമാൻ സുൽത്താനേറ്റ് ചരിത്രനേട്ടം കുറിച്ചു.
നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ 203.9 സ്കോർ നേടിയാണ് ഒമാൻ ഈ അപൂർവ നേട്ടം കൈവരിച്ചത്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ജീവിതസാഹചര്യങ്ങൾ താരതമ്യം ചെയ്യാൻ ഔദ്യോഗികമായി ഉപയോഗിക്കുന്ന ആഗോള ഡാറ്റാബേസാണ് നംബിയോ.
ആഗോള പട്ടികയിൽ നെതർലൻഡ്‌സ് (205.6 സ്കോർ) ഒന്നാം സ്ഥാനത്തും, ലക്സംബർഗ് (204.8 സ്കോർ) രണ്ടാം സ്ഥാനത്തുമാണ്. ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് പിന്നാലെ ഖത്തർ രണ്ടാം സ്ഥാനവും ജപ്പാൻ മൂന്നാം സ്ഥാനവും നേടി. ജനങ്ങളുടെ ജീവിതനിലവാരത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് ഈ റാങ്കിങ് തയാറാക്കുന്നത്. ഉന്നത നിലവാരത്തിലുള്ള പൊതുസുരക്ഷയാണ് ഇവയിൽ പ്രധാനം.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായ ഒമാനിലെ കുറഞ്ഞ കുറ്റകൃത്യ നിരക്ക് റാങ്കിങ്ങ് ഉയർത്താൻ സഹായകരമായി. പരിസ്ഥിതി ശുചിത്വത്തിലും കുറഞ്ഞ മലിനീകരണ തോതിലും രാജ്യം പുലർത്തുന്ന മികവ് ഒമാന്റെ ഈ നേട്ടത്തിലേക്ക് നയിച്ചു.
വികേന്ദ്രീകൃതവും അത്യാധുനികവുമായ ആരോഗ്യ പരിപാലന സംവിധാനങ്ങളും അനുകൂലമായ കാലാവസ്ഥയും രാജ്യത്തെ ജീവിതസാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. മികച്ച റോഡ് സൗകര്യങ്ങൾ ഉള്ളതിനാൽ ഓഫിസുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള യാത്രാസമയം ഇവിടെ വളരെ കുറവാണ്. ഇതിന് പുറമെ ജനങ്ങളുടെ ഉയർന്ന ക്രയ ശേഷി, മിതമായ ജീവിതച്ചെലവ്, പ്രോപ്പർട്ടി വിലയും വരുമാനവും തമ്മിലുള്ള മികച്ച അനുപാതം എന്നിവയും ഈ സൂചികയിൽ ഒമാന് അനുകൂല ഘടകങ്ങളായി മാറിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

