ജീവിത ഗുണനിലവാര സൂചിക; ഏഷ്യ-ഗൾഫ് മേഖലയിൽ ഒമാൻ ഒന്നാമത്
text_fieldsമസ്കത്ത് നഗരത്തിന്റെ ദൃശ്യം
മസ്കത്ത്: ജീവിത ഗുണനിലവാര സൂചികയിൽ ഏഷ്യ-മിഡിൽ ഈസ്റ്റ് മേഖലയിൽ ഒന്നാമതെത്തി ഒമാൻ. 2025 ആദ്യ പകുതിയിലെ നംബിയോ ഗ്ലോബൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒമാന്റെ നേട്ടം. നംബിയോയുടെ ആഗോള ലിസ്റ്റിൽ ഇടംപിടിച്ച രാജ്യങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വിവിധ മാനദണ്ഡങ്ങളിൽ വിശകലനം നടത്തിയാണ് റാങ്കിങ് തീരുമാനിക്കുന്നത്.
ഏഷ്യ-ഗൾഫ് രാജ്യങ്ങളുടെ റീജനൽ ഇൻഡക്സിൽ 215.1 സ്കോറുമായാണ് ഒമാൻ പട്ടികയിൽ മുന്നിലെത്തിയത്. 189.4 പോയന്റുമായി ഖത്തറാണ് പട്ടികയിൽ രണ്ടാമത്. യു.എ.ഇക്ക് 174.2 പോയന്റും സൗദി അറേബ്യക്ക് 173.7 പോയന്റുമാണുള്ളത്. ലോകത്തിലെ വിവിധ നഗരങ്ങളിലെയും രാജ്യങ്ങളിലെയും ജീവിത നിലവാരം അളക്കുന്നതിനായി ഉപയോക്താക്കളുടെ പങ്കാളിത്ത തോതിനെ മാനദണ്ഡമാക്കി വിലയിരുത്തുന്ന ഏറ്റവും വലിയ ആഗോള ഡേറ്റ ബേസാണ് ഈ സൂചിക.
കണക്കുകളെ മാത്രം ആശ്രയിക്കുന്നതിനു പകരം, ഓരോ രാജ്യത്തെയും താമസക്കാരുടെയും പൗരന്മാരുടെയും അഭിപ്രായ സർവേകൾക്കും അവരുടെ നേരിട്ടുള്ള വ്യക്തിഗത വിലയിരുത്തലുകൾക്കും വലിയ പ്രാധാന്യം നൽകിയാണ് നംബിയോ ഗ്ലോബൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് റിപ്പോർട്ട് തയാറാക്കി വരുന്നത്. സുരക്ഷ, സുരക്ഷിതത്വം, വരുമാനവും ജീവിതച്ചെലവും തമ്മിലെ അനുപാതം, ആരോഗ്യ സേവനങ്ങളുടെ നിലവാരം, പരിസ്ഥിതി- അന്തരീക്ഷ നിലവാരം, ഗതാഗത നിലവാരം, അടിസ്ഥാന സൗകര്യത്തിന്റെ വ്യാപ്തി, മലിനീകരണ തോത് എന്നിവ ഉൾപ്പെടുന്ന പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മൂല്യനിർണയം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

