ഖത്തർ പ്രതിസന്ധി: സലാല കേന്ദ്രീകരിച്ച് ചരക്കുനീക്കം ആരംഭിക്കുന്നു
text_fieldsമസ്കത്ത്: ഖത്തറിലേക്കുള്ള കപ്പൽ ഗതാഗതത്തിനും വാണിജ്യ ഇടപാടുകൾക്കും യു.എ.ഇയും സൗദിയും ബഹ്റൈനും ഏർപ്പെടുത്തിയ കർശന വിലക്ക് മറികടക്കുന്നതിന് സലാല തുറമുഖം കേന്ദ്രീകരിച്ച് ചരക്കുനീക്കം ആരംഭിക്കുന്നു.
കണ്ടെയ്നർ കപ്പലുകൾ സലാല തുറമുഖത്ത് അടുപ്പിച്ചശേഷം ചെറുകപ്പലുകളിൽ ചരക്കുകൾ ഖത്തറിലേക്ക് അയക്കുമെന്ന് ഷിപ്പിങ് ശൃംഖലയായ മെർസ്ക് അറിയിച്ചു.
ഇൗമാസം 19ന് ആദ്യ ചെറുകപ്പൽ സലാലയിൽനിന്ന് പുറപ്പെടും. ഇത് ഡിസംബർ 25ന് ദോഹയിലെത്തും. പെരുന്നാൾ സമയത്തേക്ക് ആവശ്യമായ സാധനങ്ങളാകും ഇൗ കപ്പലിൽ ഉണ്ടാവുക. പത്തു ദിവസത്തിൽ ഒരിക്കൽ ഒരു കപ്പൽ എന്ന കണക്കിനാകും ഖത്തറിലേക്ക് പുറപ്പെടുക. അതോടൊപ്പം, ഖത്തറിലേക്കുള്ള ഒാർഡറുകൾ ഇനിയൊരു അറിയിപ്പ് വരെ സ്വീകരിക്കില്ലെന്നും െമർസ്ക് അറിയിച്ചിട്ടുണ്ട്. മറ്റു കണ്ടെയ്നർ ഷിപ്പിങ് കമ്പനികളും സമാന രീതി സ്വീകരിക്കാൻ സാധ്യതയേറെയാണ്.
യു.എ.ഇയിലെ ഫുജൈറ തുറമുഖത്തേക്ക് അടുക്കാൻ കഴിയാത്ത കപ്പലുകൾക്ക് സൊഹാർ തുറമുഖത്ത് ഇന്ധനം നിറക്കാവുന്നതാണെന്ന് തുറമുഖ അധികൃതരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
മേഖലയിൽ സഞ്ചരിക്കുന്ന കപ്പലുകൾ ഇന്ധനം നിറച്ചിരുന്ന പ്രധാന തുറമുഖം ഫുജൈറയിലേതായിരുന്നു. ഇവിടെ ഖത്തറിെൻറ പതാക വഹിക്കുന്നതോ ഖത്തറിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകളോ അടുക്കരുതെന്ന് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് സൊഹാറിൽ ഇതിന് സൗകര്യമൊരുക്കുന്നത്. ഫുജൈറയിൽനിന്ന് 40 നോട്ടിക്കൽ മൈൽ അകലെയുള്ള സൊഹാറിലേക്ക് മൂന്നു മുതൽ നാലുമണിക്കൂറിനുള്ളിൽ കപ്പലുകൾക്ക് എത്താൻ കഴിയും. എന്നാൽ, നിലവിൽ സൊഹാർ തുറമുഖത്ത് ട്രക്കുകളിലാണ് കപ്പലുകൾക്കുള്ള ഇന്ധനമായ മറൈൻ ഗ്യാസൊലിൻ എത്തിക്കുന്നതെന്നത് ഒരു പോരായ്മയാണ്.
വൻ തോതിൽ മറൈൻ ഗ്യാസൊലിൻ ശേഖരിക്കാവുന്ന ബങ്കറിങ് സംവിധാനം ലാഭകരമല്ലെന്നു കണ്ട് കഴിഞ്ഞവർഷം അവസാനിപ്പിച്ചിരുന്നു. ഫുജൈറയിൽ ബങ്കറിങ് സംവിധാനമാണ് നിലവിലുള്ളത്. ബങ്കറിങ് സംവിധാനം ഇല്ലാത്തതിനാൽ സൊഹാറിൽനിന്ന് ഇന്ധനം നിറക്കുന്നത് ലാഭകരമല്ലെന്നും ഷിപ്പിങ് മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സലാലയിൽ ബങ്കറിങ് സംവിധാനമുണ്ടെങ്കിലും ഫുജൈറയിൽനിന്ന് 753 നോട്ടിക്കൽ മൈലാണ് ഇങ്ങോടുള്ള ദൂരം. ബ്രിട്ടീഷ് പെട്രോളിയമാണ് ഇവിടെ ഗ്യാസൊലിനും നാവികസേനാ കപ്പലുകൾക്കുള്ള എഫ്76 ഡിസ്റ്റിലേറ്റുകളും വിതരണം ചെയ്യുന്നത്. ഇവിടെ നിലവിൽ അടുക്കുന്ന കപ്പലുകൾ കണക്കിലെടുക്കുേമ്പാൾ ബങ്കറിങ് സംവിധാനം തീരെ അപര്യാപ്തമാണ്.
എന്നിരുന്നാലും പ്രതിസന്ധി ആരംഭിച്ച ശേഷം ഷിപ്പിങ് കമ്പനികളിൽനിന്ന് നിരവധി അന്വേഷണങ്ങൾ എത്തുന്നുണ്ടെന്ന് സലാല തുറമുഖം അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
