ഖത്തർ ലോകകപ്പ്: ആരാധകരെ ആകർഷിക്കാൻ പദ്ധതികളുമായി ഒമാൻ
text_fieldsമസ്കത്ത്: ഖത്തർ ലോകകപ്പിനെത്തുന്ന ആരാധകരെ ഒമാനിലേക്ക് ആകർഷിക്കാൻ വിപുലമായ പദ്ധതികളുമായി അധികൃതർ. ഒമാനും ദോഹക്കുമിടയിൽ കുറഞ്ഞ നിരക്കിൽ വിമാന സർവിസുകൾ നടത്തുമെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ഷെയ്ഖ് ഐമെൻ അൽ ഹൊസാനി പറഞ്ഞു. ലോകകപ്പ് സമയങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിന വിമാന സർവിസുകൾ വർധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
സുൽത്താനേറ്റിൽ താമസിച്ച് ഖത്തറിലേക്ക് കളികാണാൻ പോകാൻ കഴിയുന്ന തരത്തിൽ സൗകര്യമൊരുക്കുകയും ചെയ്യും. ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ ഫിഫ കാർഡ് കൈവശമുള്ളവർക്ക് ഒമാൻ സന്ദർശിക്കാനാകുമെന്ന് അൽ ഹൊസാനി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് ഒമാന് മുന്നിൽ ടൂറിസം മേഖലയിൽ മികച്ച അവസരമാണ് ഒരുക്കാൻ പോകുന്നത്. പല ഫുട്ബാൾ പ്രേമികൾക്കും ലോകകപ്പ് സമയത്ത് ഖത്തറിൽ ഹോട്ടലുകൾ കിട്ടാൻ പ്രയാസമായിരിക്കും.
ഇത്തരക്കാർക്ക് സുൽത്താനേറ്റ് നല്ലൊരു ചോയ്സാണ്. കളിയുടെ തലേദിവസം ഒമാനിൽ താമസിച്ച് പിറ്റേന്ന് ഖത്തറിലേക്ക് പറക്കാൻ കഴിയുന്ന സംവിധാനം ഒരുക്കുകയാണെങ്കിൽ നിരവധി ഫുട്ബാൾ ആരാധകരായിരിക്കും ഒമാനിലെ ഹോട്ടലുകൾ തേടിയെത്തുക.
നഗരത്തിൽ ട്രാഫിക് സാന്ദ്രത കുറവായതിനാൽ ഹോട്ടലിൽ നിന്ന് 15-20 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽ എത്തിച്ചേരാൻ കഴിയും എന്നുള്ളതും ഒമാന് അനുകൂല ഘടകങ്ങളാണ്.
ലോകകപ്പ് സമയത്ത് റോഡ്‌ഷോകളും പ്രത്യേക പാക്കേജുകളും ഉണ്ടായിരിക്കുമെന്ന് വിനോദസഞ്ചാര മന്ത്രാലയത്തിലെ ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്ടർ സാദ ബിൻത് അബ്ദുല്ല അൽ ഹർത്തിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

