ഖത്തർ, ഒമാനി തുറമുഖങ്ങളിലേക്ക് കപ്പൽ സർവിസ് ആരംഭിച്ചു
text_fieldsമസ്കത്ത്: സൗദിയും യു.എ.ഇയും ബഹ്റൈനും പ്രഖ്യാപിച്ച ഉപരോധം പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തിൽ ഖത്തർ ഒമാനിലേക്ക് നേരിട്ടുള്ള കപ്പൽ സർവിസുകൾ ആരംഭിച്ചു.
ഭക്ഷണമടക്കം അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് സർവിസിന് തുടക്കമിട്ടത്. ഹമദ് തുറമുഖത്തെയും ഒമാനിലെ സൊഹാർ, സലാല തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണ് സർവിസ് ആരംഭിച്ചതെന്ന് ഖത്തർ പോർട്ട് മാനേജ്മെൻറ് കമ്പനി ട്വിറ്ററിൽ അറിയിച്ചു. ആഴ്ചയിൽ മൂന്ന് സർവിസുകൾ വീതമായിരിക്കും ഉണ്ടാവുക. സൊഹാറിൽനിന്ന് ഹമദ് തുറമുഖത്തെത്തിയ ആദ്യ കണ്ടെയിനർ കപ്പലിെൻറ വിഡിയോയും പോർട്ട്മാനേജ്മെൻറ് കമ്പനി ഷെയർ ചെയ്തിട്ടുണ്ട്.
രാജ്യത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി വർധിപ്പിക്കാൻ പുതിയ റൂട്ടുകൾ സഹായകരമാകും. യു.എ.ഇ, സൗദി തുറമുഖങ്ങളിൽ അടുക്കാതെതന്നെ ഖത്തറിൽ ചരക്കുകൾ എത്തിക്കാനും ഇതുവഴി സാധിക്കുമെന്ന് ഖത്തർ പോർട്ട് മാനേജ്മെൻറ് കമ്പനി അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന ഖത്തരി കമ്പനികൾക്ക് നിരവധി ഒമാനി സ്ഥാപനങ്ങൾ ലോജിസ്റ്റിക്സ് പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഖത്തർ പോർട്സ് മാനേജ്മെൻറ് കമ്പനി സി.ഇ.ഒ അബ്ദുല്ല അൽ ഖഞ്ജി അറിയിച്ചു.
ഹമദ് തുറമുഖത്തെയും ഷാങ്ഹായ് തുറമുഖത്തെയും ബന്ധിപ്പിച്ചും പുതിയ കപ്പൽ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഭക്ഷണവസ്തുക്കളുടെ ഇറക്കുമതിക്കാണ് ഖത്തർ പ്രാധാന്യം നൽകുന്നത്. നേരത്തേ ദുബൈയിലെ ജബൽഅലി തുറമുഖം വഴിയും അബൂദബി വഴിയുമായിരുന്നു ഖത്തറിലേക്കുള്ള ഇറക്കുമതി കൂടുതലും. ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തരി ഇറക്കുമതി സ്ഥാപനങ്ങളുടെ നിരവധി കണ്ടെയിനറുകൾ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അൽ ഖഞ്ജി പറഞ്ഞു.
നേരത്തേ സലാല കേന്ദ്രീകരിച്ച് ചരക്കുഗതാഗതം ആരംഭിക്കുമെന്ന് കണ്ടെയിനർ ഷിപ്പിങ് ശൃംഖലയായ മെർസ്ക് അറിയിച്ചിരുന്നു. ഇൗ മാസം 19നാകും മെർസ്കിെൻറ ഖത്തറിലേക്കുള്ള കണ്ടെയിനർ കപ്പൽ സലാലയിൽ അടുക്കുക. ഇവിടെനിന്ന് ഫീഡർ ഷിപ്പുകളിൽ ചരക്കുകൾ ദോഹയിൽ എത്തിക്കാനാണ് പദ്ധതി. ജൂൺ 25ഒാടെ ആദ്യ ഫീഡർഷിപ് ഖത്തറിലെത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചിരുന്നു. ഫുജൈറ തുറമുഖത്ത് വിലക്കേർപ്പെടുത്തിയതോടെ കപ്പലുകളിൽ ഇന്ധനം നിറക്കാൻ സൊഹാർ തുറമുഖത്ത് സൗകര്യമേർപ്പെടുത്തുമെന്നും തുറമുഖാധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
