ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് ഖത്തർ അമീർ മടങ്ങി
text_fieldsറോയൽ എയർപോർട്ടിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ
നൽകിയ യാത്രയയപ്പ്
മസ്കത്ത്: ബന്ധങ്ങൾ വിപുലപ്പെടുത്തിയും സഹകരണങ്ങൾ ശക്തിപ്പെടുത്തിയും രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒമാനിൽനിന്ന് മടങ്ങി.
നയതന്ത്ര പരിശീലനം, സാമൂഹിക വികസനം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള രണ്ട് ധാരണാപത്രങ്ങളിലും സാംസ്കാരിക, വിദ്യാഭ്യാസ, കായിക, യുവജന സഹകരണ മേഖലകളിലെ മൂന്ന് എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലും ഒപ്പിട്ടാണ് അമീർ മടങ്ങിയത്. സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പരസ്പര ആശങ്കയുള്ള വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
പ്രദേശിക അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറി.
പരസ്പര ബന്ധങ്ങളുടെയും താൽപര്യങ്ങളുടെയും വളർച്ചയെയും സംയുക്തപ്രസ്താവനയിൽ ഇരുനേതാക്കളും പ്രശംസിച്ചു. കൂടുതൽ അവസരങ്ങൾ പര്യവേക്ഷണം ചെയ്തും സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള വഴികൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും ജനതയുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സാമ്പത്തിക, നിക്ഷേപ പങ്കാളിത്തങ്ങൾ വൈവിധ്യവത്കരിക്കാൻ പൊതു-സ്വകാര്യ മേഖലകളെ പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചും ഇരുനേതാക്കളും വ്യക്തമാക്കി.
ഒമാൻ-ഖത്തർ സംയുക്ത സമിതിയുടെ വിജയത്തെയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്ന സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിലും അത് വഹിച്ച പങ്കിനെയും പ്രശംസിച്ചു.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പെടെ, പൊതുവായ അഭിലാഷങ്ങൾക്ക് അനുസൃതമായി പങ്കാളിത്തത്തിന്റെ പുതിയ മേഖലകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) പുരോഗതിയെക്കുറിച്ചും സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കേണ്ടതിന്റെയും മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനായി സംഭാഷണങ്ങളും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യവും ഇരുവരും ആവർത്തിച്ച് വ്യക്തമാക്കി.
തടവുകാരുടെയും കൈമാറ്റം സംബന്ധിച്ച് ഗസ്സയിലെ സംഘർഷത്തിലായ കക്ഷികൾ ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പൂർണമായും നടപ്പിലാക്കുമെന്നും ഇത് മേഖലയിൽ നീതിയുക്തവും സമഗ്രവുമായ സമാധാനത്തിന് വഴിയൊരുക്കുമെന്നും, ഒടുവിൽ ശാശ്വതമായ വെടിനിർത്തലിലേക്ക് എത്തുമെന്നും ഇരുനേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഗസ്സയിലേക്ക് മനുഷ്യത്വപരമായ സഹായം സുഗമമായി എത്തിക്കാനും പുനർനിർമാണത്തിന് ശ്രമിക്കാനും പ്രാദേശിക, അന്താരാഷ്ട്ര പ്രയത്നങ്ങൾ ആവശ്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു.സുപ്രധാന കാരാറിലെത്താൻ ഈജിപ്തിനും അമേരിക്കക്കും ഒപ്പം സംയുക്ത മധ്യസ്ഥതവഹിച്ച ഖത്തറിന്റെ പങ്കിനെയും ശ്രമങ്ങളെയും ഒമാൻ പ്രശംസിച്ചു.
സിറിയയുടെ പരമാധികാരത്തെയും അവിടെത്ത ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രീയ പരിവർത്തനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, രക്തച്ചൊരിച്ചിൽ തടയുന്നതിനും, ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും, സിറിയൻ രാജ്യത്തിന്റെ സ്ഥാപനങ്ങളും വിഭവങ്ങളും സംരക്ഷിക്കുന്നതിനും സ്വീകരിച്ച നടപടികളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഖത്തർ അമീറിന് റോയൽ എയർപോർട്ടിൽ നൽകിയ യാത്രായയപ്പ് ചടങ്ങിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി.
നയതന്ത്ര പരിശീലനമുൾപ്പെടെ വിവിധ മേഖലകളിൽ ഒമാനും ഖത്തറും ധാരണയിലെത്തി
മസ്കത്ത്: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ധാരണപത്രങ്ങളിലും എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലും ഒപ്പുവെച്ചു.
നയതന്ത്ര പരിശീലനം, സാമൂഹിക വികസനം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള രണ്ട് ധാരണപത്രങ്ങളിലും സാംസ്കാരിക, വിദ്യാഭ്യാസ, കായിക, യുവജന സഹകരണ മേഖലകളിലെ മൂന്ന് എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലും ആണ് ഒപ്പിട്ടത്.
വിദേശകാര്യ മന്ത്രാലയവും (ഡിപ്ലോമാറ്റിക് അക്കാദമി) ഖത്തർ വിദേശകാര്യ മന്ത്രാലയവും (ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട്) തമ്മിലുള്ള നയതന്ത്ര പഠന, പരിശീലന മേഖലയിലെ സഹകരണത്തിനുള്ളതാണ് ആദ്യ ധാരണാപത്രം. ഇരുരാജ്യങ്ങളിലെയും സാമൂഹിക വികസന മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണമാണ് രണ്ടാമത്തേത്.
വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ഒമാനും ഖത്തറും ധാരണ പത്രത്തിൽ ഒപ്പുവെക്കുന്നു
ഖത്തർ വിദ്യാഭ്യാസ മന്ത്രാലയവും ഒമാൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം, ഇരുരാജ്യങ്ങളിലെയും സാംസ്കാരിക, കായിക, യുവജന മന്ത്രാലയങ്ങൾ തമ്മിലുള്ള യുവജന, കായിക മേഖലകളിലെ സഹകരണം എന്നിവയാണ് എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിൽ വരുന്നത്.
ധാരണപത്രങ്ങളിലും എക്സിക്യൂട്ടിവ് പരിപാടികളിലും ഒമാനുവേണ്ടി ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്സി, ഖത്തറിനെ പ്രതിനിധീകരിച്ച് കായിക വിദ്യാഭ്യാസ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി എന്നിവരാണ് ഒപ്പുവെച്ചത്.
അൽ ആലം പാലസ് ഗസ്റ്റ്ഹൗസിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
അമീർ റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ചു
മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി സുൽത്താനേറ്റിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മസ്കത്തിലെ റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ചു. അവിടുത്തെ സൗകര്യങ്ങൾ, പ്രകടനങ്ങൾ, സീസണുകൾ, വർഷം മുഴുവനുമുള്ള പരിപാടികൾ, അന്താരാഷ്ട്ര സംഗീത ഷോകളിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് അധികൃതർ അമീറിന് വിശദീകരിക്കുകയും ചെയ്തു.
അമീറിന് ബഹുമാനാർഥം അൽ ആലം പാലസ് ഗസ്റ്റ്ഹൗസിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക അത്താഴവിരുന്ന് നടത്തി.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മസ്കത്തിലെ റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ചപ്പോൾ
രാജകുടുംബ അംഗങ്ങൾ, മന്ത്രിമാർ, സുൽത്താന്റെ സായുധ സേനയുടെയും റോയൽ ഒമാൻ പൊലീസിന്റെയും കമാൻഡർമാർ, അറബ്, സൗഹൃദ രാജ്യങ്ങളുടെ അംബാസഡർമാർ, ഒമാൻ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വിദേശകാര്യ മന്ത്രാലയത്തിലെ ചില അംബാസഡർമാർ, സി.ഇ.ഒമാർ എന്നിവർ പങ്കെടുത്തു.
അത്താഴവിരുന്നിന് മുമ്പ്, ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ പ്രകടനമായി ഇരു നേതാക്കളും അനുസ്മരണ സമ്മാനങ്ങളും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

