പൊതുജനാരോഗ്യ സംരക്ഷണം; മൊബൈൽ ഫുഡ് ലബോറട്ടറിയുമായി ദോഫാർ മുനിസിപ്പാലിറ്റി
text_fieldsദോഫാർ മുനിസിപ്പാലിറ്റിയുടെ മൊബൈൽ ഫുഡ് ലബോറട്ടറി പരിശോധന സംവിധാനം
മസ്കത്ത്: ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സുരക്ഷയുടെ ഓൺ-സൈറ്റ് പരിശോധനകൾ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക മൊബൈൽ ഫുഡ് ലബോറട്ടറിയുമായി ദോഫാർ മുനിസിപ്പാലിറ്റി. ഖരീഫ് സീസണിൽ ആയിരകണക്കിന് സന്ദർശകർ ദോഫാറിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന പശ്ചാതലത്തിലാണ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും കുടിവെള്ളവും പ്രാദേശികവും അന്തർദേശീയവുമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മുനിസിപ്പാലിറ്റിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം.
സ്ഥിരവും താൽക്കാലികവുമായ ഔട്ട്ലെറ്റുകളിൽനിന്ന് ഭക്ഷണം, പാനീയങ്ങൾ, വെള്ളം എന്നിവയുടെ ദ്രുതവും സ്ഥലത്തുതന്നെയുള്ള പരിശോധനയും മൊബൈൽ ലാബ് സാധ്യമാക്കുന്നുവെന്ന് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റ് ഇവാലുവേഷൻ വിഭാഗം മേധാവി ഫവാസ് റമദാൻ സുബൈഹ് പറഞ്ഞു.അത്യാധുനിക സൗകര്യങ്ങളാണ് മൊബൈൽ ലാബോറട്ടറിയിലുള്ളത്. സ്ഥലത്തുതന്നെ കൃത്യമായ വിശകലനങ്ങൾ നടത്താൻ ഇതിലൂടെ സാധിക്കും. ഇത് ലംഘനങ്ങൾക്കെതിരെ വേഗത്തിലുള്ള നടപടയെടുക്കാൻ സഹായകമാകുകയും ചെയ്യും. പരിശോധനകൾക്കപ്പുറം, ഭക്ഷ്യജന്യ, ജലജന്യ രോഗങ്ങൾ, പ്രതിരോധ നടപടികൾ, മികച്ച ശുചിത്വ രീതികൾ എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെയും വിൽപനക്കാരെയും ബോധവൽക്കരിക്കുന്നതിന് വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അവബോധ വിഭാഗവും മൊബൈൽ ലാബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം തയാറാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സന്ദർശകർക്ക് നൽകുന്ന കുപ്പിവെള്ളത്തിന്റെയും ഗുണനിലവാരം നിരീക്ഷിക്കുകയും അംഗീകൃത സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഉടനടി ലഭിക്കുന്ന പരിശോധനാ ഫലങ്ങൾ വിപണിയിൽ ലഭ്യമായ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ ഉപഭോക്തൃ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു.
ഖരീഫ് സീസണിൽ പതിവ് പരിശോധനകൾ, ഭക്ഷ്യ കൈകാര്യം ചെയ്യുന്നവരുടെ പരിശീലനം, പൊതുജന അവബോധ കാമ്പയിനുകൾ തുടങ്ങിയവ നടന്നുവരുന്നതിനൊപ്പം തന്നെയാണ് മൊബൈൽ ഫുഡ് ലബോറട്ടറിയും എത്തുന്നത്.
അത്യാധുനിക പരിശോധനാ സാങ്കേതികവിദ്യ സ്വീകരിച്ചും പ്രാദേശിക വൈദഗ്ദ്ധ്യം വളർത്തിയെടുത്തും, ഒമാനിൽ ഭക്ഷ്യ സുരക്ഷക്ക് ഒരു മാനദണ്ഡം സ്ഥാപിക്കാൻ ദോഫാർ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു.
പരിശോധന സംഘങ്ങളുമായി സഹകരിക്കാനും ശുചിത്വ മാർഗനിർദേശങ്ങൾ പാലിക്കാനും സംശയാസ്പദമായ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്നു. ഈ പദ്ധതിയിലൂടെ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ഈ പ്രദേശം സുരക്ഷിതവും സ്വാഗതാർഹവുമായ സ്ഥലമാണെന്ന് ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ദോഫാർ മുനിസിപ്പാലിറ്റി ഇതിലൂടെ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

