ഭൗതിക-അക്കാദമിക് നിലവാരം ഉയർത്തൽ: ഇന്ത്യൻ സ്കൂൾ ഇബ്ര അധികൃതർക്ക് രക്ഷിതാക്കൾ നിവേദനം നൽകി
text_fieldsഇന്ത്യൻ സ്കൂൾ ഇബ്ര അധികൃതർക്ക് രക്ഷിതാക്കൾ നിവേദനം നൽകുന്നു
ഇബ്ര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ സ്കൂൾ ഇബ്രയിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതർക്ക് നിവേദനം നൽകി.
നിവേദക സംഘവുമായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, പ്രിൻസിപ്പൽ എന്നിവർ ചർച്ച നടത്തി. സ്കൂൾ ഓപൺ ഫോറം ഉടൻ വിളിച്ചുചേർക്കുക, അധ്യാപകരുടെ അപര്യാപ്തത പരിഹരിക്കുക, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, സ്കൂൾ കളിസ്ഥലം, ടോയ്ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുക, സ്കൂൾ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ വിഷയങ്ങളാണ് രക്ഷിതാക്കൾ അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചത്. സ്കൂൾ ഫീസ് വർധന, ലേറ്റ് ഫീ ഫൈൻ മുതലായവ ഉടൻ പിൻവലിക്കണമെന്നും മുടങ്ങിക്കിടക്കുന്ന സ്കൂൾ വാർഷികം, സ്പോർട്സ് ഡേ, സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ് തുടങ്ങിയവ നടത്തണമെന്നും ആവശ്യപ്പെട്ടു. ഒഴിവുള്ള നഴ്സ്, കൗൺസലർ തുടങ്ങിയ തസ്തികകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തണമെന്നും മാനേജ്മെന്റ് കമ്മിറ്റിയുമായുള്ള ചർച്ചയിൽ രക്ഷിതാക്കൾ ഉന്നയിച്ചു.
ഏപ്രിൽ 30ന് മുമ്പായി ഓപൺ ഫോറം വിളിച്ചുചേർക്കാമെന്നും നിവേദനത്തിൽ ഉന്നയിച്ച മറ്റു വിഷയങ്ങളിൽ അനുഭാവപൂർവമായ നടപടികൾ വേഗത്തിൽ കൈക്കൊള്ളുമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയതായി രക്ഷിതാക്കൾ അറിയിച്ചു. ഓപൺ ഫോറം വിളിച്ചുചേർക്കാമെന്ന് മാനേജ്മെന്റ് കമ്മിറ്റി നൽകിയ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായും എന്നാൽ രക്ഷിതാക്കൾ ഉന്നയിച്ച മറ്റു ആവശ്യങ്ങൾക്കും വേഗത്തിൽ പരിഹാരം ഉണ്ടാകണമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ അജിത് പുന്നക്കാടൻ, സീത, അനിഷ്മ ദിലീഷ്, രാജീവ്, ദിവ്യ, സോണിയ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

