സമുദ്രപൈതൃകം പ്രോത്സാഹിപ്പിക്കൽ; കരാറായി
text_fieldsസമുദ്ര പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ എൽ.എൻ.ജിയുടെ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഒമാൻ മാരിടൈം സ്പോർട്സ് കമ്മിറ്റിയുമായി ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: സമുദ്ര പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിന് ഒമാൻ എൽ.എൻ.ജിയുടെ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഒമാൻ മാരിടൈം സ്പോർട്സ് കമ്മിറ്റിയുമായി (ഒ.എം.എസ്.സി) ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഒമാന്റെ സമുദ്രപൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം സമുദ്ര കായികവിനോദങ്ങളെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. വൈവിധ്യമാർന്ന സമൂഹ ഗ്രൂപ്പുകളെ സമുദ്ര-തീം കായിക, സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുക എന്നതും കരാർ ലക്ഷ്യമാണ്.
ഇരുകക്ഷികളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പരമ്പരാഗതവും ആധുനികവുമായ സമുദ്ര കായിക വിനോദങ്ങളുടെ വളർച്ചയെ പരിപോഷിപ്പിക്കാനും ധാരണപത്രം ഉദ്ദേശിക്കുന്നു. കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും പിന്തുണക്കുക, സ്പോൺസർ ചെയ്യുക, സ്പോർട്സ് മാനേജ്മെന്റ്, സന്നദ്ധപ്രവർത്തനം, ഇവന്റ് ഓർഗനൈസേഷൻ എന്നിവയിലെ വൈദഗ്ധ്യവും മികച്ച രീതികളും കൈമാറുക എന്നിവയാണ് സഹകരണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
കൂടാതെ, ദേശീയ കേഡറുകൾ വികസിപ്പിക്കുന്നതിനും മാധ്യമ, മാർക്കറ്റിങ് ഏകോപനം വർധിപ്പിക്കുന്നതിനും പങ്കാളിത്തം പരിശീലനപരിപാടികൾ നൽകും. ഒമാന്റെ സമുദ്ര സ്വത്വത്തെയും പൈതൃകത്തെയും പിന്തുണക്കുന്നതിനൊപ്പം പ്രത്യേകിച്ച് യുവാക്കളെയും കുടുംബങ്ങളെയും ഈ മൂല്യങ്ങളും പാരമ്പര്യങ്ങളും ആഘോഷിക്കുന്ന പരിപാടികളിൽ ഏർപ്പെടാൻ ശാക്തീകരിക്കുന്നതിനായുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധതയാണ് ഈ ധാരണപത്രത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഒമാൻ എൽ.എൻ.ജിയുടെ ഡെവലപ്മെന്റ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ആമിർ ബിൻ നാസർ അൽ മതാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

