ഫീസ് വർധന പിൻവലിക്കുമെന്ന വാക്ക് പാലിച്ചില്ല; ഇന്ത്യൻ സ്കൂൾ സൂറിൽ വീണ്ടും പരാതിയുമായി രക്ഷിതാക്കൾ
text_fieldsഇന്ത്യൻ സ്കൂൾ സൂറിൽ പരാതിയുമായെത്തിയ രക്ഷിതാക്കൾ
സൂർ: മാനേജ്മെന്റ് വിശ്വാസവഞ്ചന കാണിച്ചെന്നാരോപിച്ച് സൂർ ഇന്ത്യൻ സ്കൂളിൽ വീണ്ടും പരാതിയുമായി രക്ഷിതാക്കളെത്തി. 50ലധികം രക്ഷിതാക്കൾ ഹർജി സമർപ്പിക്കാനായി എത്തിയിരുന്നു. സൂർ ഇന്ത്യൻ സ്കൂളിൽ തുടർച്ചയായ മൂന്നാം വർഷവും ഫീസ് വർധിപ്പിച്ചിരുന്നു. ഈ വർഷം ഫീസ് രണ്ടു റിയാലാണ് കൂട്ടിയത്. ഇതിനെതിരെ രക്ഷിതാക്കൾ ഹരജി നൽകിയിരുന്നു. തുടർന്ന് സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കളുമായി ഏപ്രിൽ 30ന് യോഗം ചേർന്നു.
ഏകദേശം 250ൽ അധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഒരു റിയാൽ ഫീസ് കുറക്കാം എന്ന് ഉറപ്പു നൽകി. എന്നാൽ, കൂട്ടിയ ഫീസ് പൂർണമായും കുറക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഫിനാൻസ് സബ് കമ്മറ്റി രൂപവത്കരിക്കാം എന്നും ആ കമ്മറ്റിയുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഫീസ് വർധന പരിഗണിക്കാം എന്നും, അതുവരെ ഫീസ് വർധന ഉണ്ടാകില്ല എന്നും സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് സമ്മതിക്കുകയും തത്വത്തിൽ അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തിരുന്നു.
അതുപോലെതന്നെ അക്കാദമിക് വിഷയങ്ങൾ, പുസ്തകങ്ങളുടെ ഗുണനിലവാരം, ഉയർന്ന വില, ഇപ്പോൾ നടക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുമായും സ്കൂൾ ഗ്രൗണ്ട് പരിപാലനത്തിന്റെ ഉയർന്ന ചിലവ് സംബന്ധിച്ചും രക്ഷിതാക്കൾ ആശങ്ക അറിയിക്കുകയും അതിനെല്ലാം മറുപടിയും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ഇതിൽ നിന്നെല്ലാം വിഭിന്നമായി ബി.ഒ.ഡി നിർദേശം അനുസരിച്ച് കൂട്ടിയ ഫീസ് കുറക്കില്ല എന്നൊരു അറിയിപ്പ് മാത്രം നൽകിയിരിക്കുകയാണ് മാനേജ്മെന്റെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഈ സാഹചര്യത്തിാണ് രക്ഷിതാക്കൾ ഭീമ ഹരജിയമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫീസ് വർധന പിൻവലിക്കണമെന്നും ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ മറുപടി നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
യോഗങ്ങളിൽ ഉൾപ്പെടെ രക്ഷിതാക്കൾ ഉന്നയിക്കുന്ന ഒരു വിഷയങ്ങളിലും മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗത്ത്നിന്ന് കൃത്യമായ പ്രതികരണം ലഭിക്കാത്ത അവസ്ഥയാണ്. സ്കൂൾ പ്രിൻസിപ്പൽ ആണ് എല്ലാ വിഷയങ്ങളിലും മറുപടി നൽകുന്നതും യോഗങ്ങൾക്ക് നേതൃത്വം നൽകുന്നതും. സ്കൂൾ മാനേജ്മെന്റ് മൗനം വെടിഞ്ഞ് രക്ഷിതാക്കളുടെ പ്രശ്നങ്ങൾ ഇനിയെങ്കിലും പഠിക്കാനും പരിഹരിക്കാനും തയാറാകും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

