കഴിഞ്ഞ വർഷം 4.5 ലക്ഷം വൈദ്യുതി മീറ്ററുകൾ സ്മാർട്ടാക്കി
text_fieldsമസ്കത്ത്: രാജ്യത്തെ വൈദ്യുതി, കുടിവെള്ള മീറ്ററുകൾ സ്മാർട്ടാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. കൃത്യമായ റീഡിങ് ലഭിക്കാൻ ഇത്തരം മീറ്ററുകൾകൊണ്ട് സഹായകമാകും. ഇതിലൂടെ ഏകദേശ യൂട്ടിലിറ്റി ബില്ലുകള്‍ നല്‍കുന്നത് ഒഴിവാക്കാനാകും. കഴിഞ്ഞവർഷം 4.5 ലക്ഷം വൈദ്യുതി മീറ്ററുകളും നാല് ലക്ഷം കുടിവെള്ള മീറ്ററുകളുമാണ് സ്മാർട്ടാക്കിയത്. വൈദ്യുതി ഉപഭോക്താക്കളില്‍ മൂന്നര ശതമാനവും വെള്ളത്തില്‍ അഞ്ച് ശതമാനവുമാണ് വര്‍ധനവുണ്ടായത്. മീറ്ററുകൾ സ്മാർട്ടാകുന്നതോടെ നേരിട്ടെത്താതെതന്നെ ഓരോന്നും പരിശോധിക്കാനും സാധിക്കുമെന്ന് അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വിസസ് റെഗുലേഷന് (എ.പി.എസ്.ആര്) അറിയിച്ചു.
കുടിവെള്ള കണക്ഷന്റെ നിരക്ക് പുനഃപരിശോധിക്കുമെന്നും ചെയര്മാന് ഡോ. മന്‍സൂര്‍ അല്‍ ഹിനായ് അറിയിച്ചു. ജല-ശുചീകരണ സംവിധാനത്തിന് നിയമപരമായ ചട്ടക്കൂടുകള്‍ ഒരുക്കുന്നത് അതോറിറ്റിയുടെ ഈ വര്‍ഷത്തെ പ്രധാന പദ്ധതികളിലൊന്നാണ്. വൈദ്യുതി വാങ്ങല്‍, വില്പന, ആസൂത്രണ സംവിധാനം എന്നിവ ഉടച്ചുവാര്‍ക്കുന്നതിന് അതോറിറ്റി മേല്‍നോട്ടംവഹിക്കും. ഒ.ക്യൂ ഗ്യാസ് കമ്പനിയുടെ 2024-27 കാലത്തെ സാമ്പത്തിക നിയന്ത്രണ സംവിധാനം പുനരവലോകനവും ചെയ്യും.
ദോഫാറിലെ ഇലക്ട്രിക് സംവിധാനവുമായി പ്രധാന ഇലക്ട്രിക് സിസ്റ്റം ബന്ധിപ്പിക്കാനുള്ള രണ്ടാം ഘട്ടത്തിലാണ് അധികൃതർ. ഗള്‍ഫ് വൈദ്യുതിശൃംഖലയുമായി സംയോജിപ്പിക്കാനും ആലോചനയുണ്ട്. ഇത് യാഥാർഥ്യമായാൽ വൈദ്യുതി സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും വൈദ്യുതി മേഖലയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട മേഖലകളുടെ ചെലവുകള്‍ കുറക്കാനുമാകും. 2030 ആകുമ്പോഴേക്കും 30 ശതമാനം സാമ്പ്രദായിക ഊര്‍ജസ്രോതസ്സുകള്‍ക്ക് പകരം ബദല്‍ ഊര്‍ജം നടപ്പാക്കുമെന്നും ചെയര്മാന് അറിയിച്ചു.