റെഡ് ലിസ്റ്റ് ഇൻഡക്സിൽ പുരോഗതി; 16.31 ലക്ഷം അധിനിവേശ പക്ഷികളെ നിയന്ത്രിച്ചു
text_fieldsമസ്കത്ത്: ദേശീയ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ പരിസ്ഥിതി അതോറിറ്റിയുടെ പ്രവർത്തനങ്ങളിലെ പുരോഗതി റെഡ് ലിസ്റ്റ് ഇൻഡക്സിലും പ്രതിഫലിച്ചു. രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിൽ പരിസ്ഥിതി അതോറിറ്റി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളാണ് ഫലം കാണുന്നത്. റെഡ് ലിസ്റ്റ് ഇൻഡക്സ് 0.89ൽ നിന്ന് 0.98 ആയി മെച്ചപ്പെട്ടു. 290 അറേബ്യൻ ഓറിക്സ്, 390 റീം ഗസൽ, 41 അറേബ്യൻ ഗസൽ എന്നിവയെ തനത് ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ടു. ആകെ 700ഓളം വന്യജീവികളെയാണ് ഇത്തരത്തിൽ അവയുടെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടത്.
വന്യജീവി ജനിതക സംരക്ഷണ പദ്ധതിയിൽ 18 സ്പീഷീസുകൾ സംരക്ഷിച്ചു. ഇതിൽ 923 സാമ്പിളുകളിൽ നിന്ന് ഡി.എൻ.എ ശേഖരിച്ചതായും 366 സാമ്പിളുകൾ ഭാവി ഗവേഷണത്തിന് സൂക്ഷിച്ചതായും അതോറിറ്റി വ്യക്തമാക്കി.
അതേസമയം, 16.31 ലക്ഷം അധിനിവേശ പക്ഷികളെ നിയന്ത്രിച്ചതായും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം 60ലധികം വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിച്ചു.
‘എൻവയൺമെന്റൽ ഗാർഡിയൻസ്’ പദ്ധതിയിലൂടെ 99,174 പേർക്ക് ബോധവത്കരണം നൽകി. 70,642 പേർ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചു. 29,398 ചെറു കടലാമകളെ രക്ഷപ്പെടുത്തി.
ജൈവവൈവിധ്യ സർവേയിൽ 2,400 കാമറ ട്രാപ്പുകൾ ഉപയോഗിച്ച് 53 കരജീവി സ്പീഷിസുകളെ രേഖപ്പെടുത്തി. ഇതിൽനിന്ന് 60 ലക്ഷം ചിത്രങ്ങളാണ് ശേഖരിച്ചത്.
സമുദ്ര സസ്തനികളുടെ സർവേയിൽ 54 സമുദ്രയാത്രകളും 1,000 ഫീൽഡ് സർവേകളും നടത്തി നാല് ഡോൾഫിൻ ഇനങ്ങളും ഒരു തിമിംഗല ഇനവും അടക്കം 56 സ്പീഷീസുകളെ തിരിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

