40 തസ്തികകളിൽ പ്രഫഷനൽ ലൈസൻസ് നിർബന്ധം; ഉത്തരവ് പ്രാബല്യത്തിൽ
text_fieldsമസ്കത്ത്: യോഗ്യതയുള്ള ആളുകളെ നിയമിക്കുന്നതിന്റെ ഭാഗമായി 40 തസ്തികകളിൽ പ്രഫഷനൽ ലൈസൻസിങ് നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം. പ്രഫഷനൽ സ്റ്റാൻഡേർഡ്സിനായുള്ള ദേശീയ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും അല്ലെങ്കിൽ ഈ പ്രഫഷനുകളിൽ നിയമിക്കപ്പെടാൻ ഉദ്ദേശിക്കുന്നവരും വർക്ക് പെർമിറ്റുകൾ നൽകുന്നതിനോ പുതുക്കുന്നതിനോ പ്രഫഷനൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പ്രാക്ടീസ് ചെയ്യുന്ന പ്രഫഷനുകൾക്കുള്ള ലൈസൻസിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റിക്ക് അപേക്ഷിക്കണം.
ഇത് വിപണിയിൽ വൈദഗ്ധ്യമില്ലാത്തതോ പ്രഫഷണലല്ലാത്തതോ ആയ തൊഴിലാളികളുടെ സാന്നിധ്യം കുറക്കുകയും ആളുകൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഊർജ, ധാതു മേഖലയിലേക്ക് സെക്ടർ സ്കിൽസ് യൂനിറ്റിൽനിന്നാണ് പ്രഫഷനൽ ലൈസൻസ് നേടേണ്ടത്. അംഗീകൃത ലൈസൻസ് സമർപ്പിക്കുന്നതുവരെ തൊഴിൽ മന്ത്രാലയം അത്തരം പെർമിറ്റുകൾ അനുവദിക്കില്ല. മന്ത്രാലയം ഔദ്യോഗികമായി അംഗീകരിക്കാത്ത ഏതൊരു ലൈസൻസുകളോ സർട്ടിഫിക്കേഷനുകളോ അസാധുവായി കണക്കാക്കും. വ്യാജ രേഖകൾ സമർപ്പിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർ നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായി നിയമനടപടി നേരിടേണ്ടിവരും. ഈ നിയമങ്ങൾ മേഖലയെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സ്വകാര്യ മേഖലയിലെ ചില എച്ച്.ആർ എക്സിക്യൂട്ടിവുകൾ അഭിപ്രായപ്പെട്ടു.
റഫ്രിജറേറ്റഡ് ട്രക്കുകൾ, വാട്ടർ ടാങ്കറുകൾ, െട്രയിലറുകൾ, മാലിന്യ ഗതാഗത ട്രക്കുകൾ എന്നിവയുടെ ഡ്രൈവർമാർ, ഒമാനികളും പ്രവാസികളും ഉൾപ്പെടെ ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കും ഈ തീരുമാനം ബാധകമാണ്.
വർക്ക് പെർമിറ്റുകൾ നൽകുന്നതിനോ പുതുക്കുന്നതിനോ ലോജിസ്റ്റിക്സ് മേഖലയിലെ സെക്ടറൽ സ്കിൽസ് യൂനിറ്റിൽ നിന്നാണ് പ്രഫഷനൽ പ്രാക്ടീസ് ലൈസൻസ് നേടേണ്ടത്. അംഗീകൃത ലൈസൻസ് സമർപ്പിക്കാതെ ഒമാനി, പ്രവാസി വർക്ക് പെർമിറ്റുകൾ നൽകുകയോ പുതുക്കുകയോ ചെയ്യില്ല. ലോജിസ്റ്റിക്സ് മേഖലയിലെ സെക്ടറൽ സ്കിൽസ് യൂനിറ്റിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി ലൈസൻസിനായി അപേക്ഷ സമർപ്പിക്കാം.
അതുപോലെ അക്കൗണ്ടിങ്, ഫിനാൻസ്, ഓഡിറ്റിങ് മേഖലകളിലെ നിലവിലുള്ള എല്ലാ ജീവനക്കാരും പ്രഫഷനൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഒമാനി അസോസിയേഷൻ ഓഫ് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സുമായി സഹകരിച്ച് മന്ത്രാലയം ലൈസൻസ് ചെയ്ത സെക്ടർ സ്കിൽസ് യൂനിറ്റാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. അസിസ്റ്റന്റ് ഇന്റേണൽ, എക്സ്റ്റേണൽ ഓഡിറ്റർമാർ, ഫിനാൻഷ്യൽ അസിസ്റ്റന്റുമാർ, മറ്റുള്ളവർ എന്നിവരുൾപ്പെടെ 19 പ്രഫഷനുകൾ ഈ മേഖലയിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

