പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ; ഒമാനിലും പതിഞ്ഞ പണ്ഡിത കാൽപാടുകൾ
text_fieldsപ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ മസ്കത്തിലെത്തിയപ്പോൾ (ഫയൽ ചിത്രം)
മസ്കത്ത്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ വിയോഗത്തിൽ വേദനയോടെ ഒമാനിലെ അനുയായികളും. വ്യാഴാഴ്ച രാത്രി ഓമ്പതിന് റൂവി ഖാബൂസ് മസ്ജിദിൽ അദ്ദേഹത്തിന്റെ ജനാസ നമസ്കാരവും പ്രത്യേക പ്രാർഥനയും നടന്നു. നിരവധി പേരാണ് ജനാസ നമസ്കാരത്തിനെത്തിയത്.
പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ മുമ്പ് പല തവണ ഒമാൻ സന്ദർശിച്ചിരുന്നു. മസ്കത്ത് സുന്നി സെന്ററിന്റെ വിശിഷ്ടാതിഥിയായി ഒരു റബീഉൽ അവ്വൽ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയും പ്രൗഢമായ അദ്ദേഹത്തന്റെ പ്രസംഗം പൊതുജനങ്ങളിലും പണ്ഡിതരിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. മസ്കത്തിന്റെ വിവിധ ഭാഗങ്ങളിലും ഖസബ്, സലാല, ഇബ്ര തുടങ്ങിയ ദേശങ്ങളിൽപോലും അദ്ദേഹം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പ്രമുഖ വ്യവസായിയായ ഗൾഫാർ പി. മുഹമ്മദലിയുമായി ആഴത്തിലുള്ള ബന്ധം പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ സൂക്ഷിച്ചിരുന്നു.
ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഇന്ത്യൻ മുസ്‍ലിംകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം വേൾഡ് ലീഗിലെ ഇസ്‍ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗം കൂടിയായിരുന്നു അദ്ദേഹം. 2011-ൽ ലിബിയയിലും 2012-ൽ മൊറോക്കോയിൽ നടന്ന സൂഫി സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. തുടർന്നുള്ള രണ്ടുവർഷങ്ങളിൽ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നടന്ന സമ്മേളനങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
സലാല കെ.എം.സി.സി അനുശോചിച്ചു
സലാല: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതശ്രേഷ്ഠനുമായിരുന്ന പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ നിര്യാണത്തിൽ സലാല കെ.എം.സി.സി കമ്മിറ്റി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മുസ്‌ലിം സമുദായം പലവിധ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ട ഘട്ടങ്ങളിലെല്ലാം തികഞ്ഞ തന്മയത്വത്തോടെയും പക്വതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്ത ദീർഘദർശിയായ നേതാവായിരുന്നു ബഹുമാനപ്പെട്ട പ്രഫ. ആലിക്കുട്ടി മുസ്‍ലിയാരെന്ന് സലാല കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അനുസ്മരിച്ചു.
കാമറകൾക്കും വാർത്താ മാധ്യമങ്ങൾക്കും മുന്നിൽ അനാവശ്യ പ്രദർശനങ്ങൾക്ക് നിൽക്കാതെ, സമുദായത്തെയും പ്രസ്ഥാനത്തെയും പ്രതിസന്ധിയിലാക്കാത്ത വിധം അത്യന്തം സൂക്ഷ്മതയോടെയും ജാഗ്രതയോടെയും നിലപാടുകൾ കൈക്കൊള്ളാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ വിയോഗം സമുദായത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.
അറിവിന്റെ സാഗരമായിരുന്ന അദ്ദേഹം തന്റെ ലാളിത്യവും വിജ്ഞാന തൃഷ്ണയും കൊണ്ട് പണ്ഡിത-പാമര ഭേദമന്യേ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റി. പണ്ഡിതശ്രേഷ്ഠന്റെ വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളുടെയും സമസ്ത പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിനായി പ്രാർഥിക്കുന്നതായും സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റയും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

