ആഭ്യന്തര ഉൽപാദനം അഞ്ചുശതമാനം ഇടിഞ്ഞു
text_fieldsമസ്കത്ത്: എണ്ണവിലയിടിവ് കഴിഞ്ഞ വർഷത്തെ ആഭ്യന്തര ഉൽപാദനത്തെ ബാധിച്ചതായി കണക്കുകൾ. 5.1 ശതമാനത്തിെൻറ ഇടിവാണ് ഉണ്ടായത്. 2015ൽ 26.85 ശതകോടി റിയാൽ ആയിരുന്ന ആഭ്യന്തര ഉൽപാദനം കഴിഞ്ഞ വർഷം 25.48 ശതകോടി റിയാൽ ആയാണ് കുറഞ്ഞതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ കണക്കുകൾ പറയുന്നു.
അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡോയിലിെൻറ വിലയിടിവ് തുടർന്നതാണ് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഇടിവിന് കാരണമായത്. ക്രൂഡോയിൽ ബാരലിന് ശരാശരി 40.1 ഡോളറാണ് കഴിഞ്ഞ വർഷം വിലയായി ലഭിച്ചത്. പെട്രോളിയം മേഖലയിൽനിന്നുള്ള വരുമാനം 9157.3 ദശലക്ഷം റിയാലിൽ നിന്ന് 23.7 ശതമാനം കുറഞ്ഞ് 6988.8 ദശലക്ഷം റിയാൽ ആയി. ക്രൂഡോയിൽ വിൽപനയിൽനിന്നുള്ള വരുമാനം 27.5 ശതമാനം കുറഞ്ഞപ്പോൾ പ്രകൃതിവാതക വിൽപനയിൽനിന്നുള്ള വരുമാനം 2.7 ശതമാനം വർധിച്ചു.
എണ്ണയിതര മേഖലയിൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം ഇൗ മേഖലയിൽനിന്നുള്ള വരുമാനത്തിൽ 0.6 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. ടൂറിസം, ചരക്കുഗതാഗതം, ഖനന മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ഖജനാവിലേക്ക് കൂടുതൽ വരുമാനമെത്തിച്ചത്. ഉൽപാദന മേഖലയിലുണ്ടായത് 17.2 ശതമാനത്തിെൻറ വരുമാനനഷ്ടമാണ്. 2159.1 ദശലക്ഷം റിയാലാണ് ഇൗ മേഖലയിൽനിന്ന് വരുമാനമായി ലഭിച്ചത്. അതേസമയം മൈനിങ്, ക്വാറി മേഖലയിൽനിന്നുള്ള വരുമാനം 5.4 ശതമാനം ഉയർന്ന് 139.6 ദശലക്ഷം റിയാലായി. കാർഷിക ഫിഷറീസ് മേഖലയിൽനിന്നുള്ള വരുമാനത്തിലുണ്ടായത് 16.3 ശതമാനത്തിെൻറ വർധനയാണ്. 435.2 ദശലക്ഷം റിയാലിൽനിന്ന് 506 ദശലക്ഷം റിയാലായാണ് ഇൗ മേഖലയിലെ വരുമാനം ഉയർന്നത്.
സേവന മേഖലയിൽ നിന്നുള്ള വരുമാനം 1.6 ശതമാനം വർധിച്ച് 13644.2 ദശലക്ഷം റിയാലാവുകയും ചെയ്തു. ക്രൂഡോയിൽ ഉൽപാദന നിയന്ത്രണത്തെ തുടർന്ന് വിലയിലുണ്ടായ വർധന ഇൗ വർഷം രാജ്യത്തിെൻറ സമ്പദ്ഘടനക്ക് ഉണർവ് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ശരാരശരി 48.6 ഡോളറാണ് ക്രൂഡോയിലിന് വില ലഭിച്ചത്. ക്രൂഡോയിൽ വിലയിലെ ക്രമമായ വർധന സ്വകാര്യ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.