പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒമാനിൽ
text_fieldsത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഇത്യോപ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി
നരേന്ദ്ര മോദിയെ ഇത്യോപ്യൻ പ്രധാനമന്ത്രി ആബി അഹ്മദലി ആഡിസ് അബാബ വിമാനത്താവളത്തിൽനിന്ന് ഡ്രൈവ് ചെയ്തുകൊണ്ടുപോവുന്നു
മസ്കത്ത്: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഒമാനിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർഡനും ഇത്യോപ്യയും സന്ദർശിച്ചശേഷമാണ് മോദി ഒമാനിലെത്തുന്നത്.മസ്കത്തിലെ റോയൽ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന മോദിക്ക് ഔദ്യോഗിക വവേൽപ് നൽകും. തുടർന്ന്, സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ചകൾ നടക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഇന്ത്യയും ഒമാനും തമ്മിലെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷ.
ഒമാനിലെ ഇന്ത്യൻ എംബസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അംബാസഡർ ജി.വി
ശ്രീനിവാസ് സംസാരിക്കുന്നു
ഒമാനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളുടെയും വ്യാപാരം ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി ശ്രീനിവാസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) അഥവ ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാറാണ് ചർച്ചാ കേന്ദ്രം. ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ കഴിഞ്ഞ രണ്ട് വർഷമായി ചർച്ചയിലാണ്. പരസ്പരം താൽപര്യമുള്ള മേഖലകളെക്കുറിച്ച് ഇരുപക്ഷവും വിശദമായ ചര്ച്ചകള് നടത്തിക്കഴിഞ്ഞു. വൈകാതെ, ഈ കരാർ അന്തിമരൂപം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ ശ്രീനിവാസ് പറഞ്ഞു.
ഏകദേശം 10.6 ബില്യൺ യു.എസ് ഡോളർ വരെയാണ് നിലവിൽ ഉഭയകക്ഷി വ്യാപാരം. മുമ്പ് ഇത് 8.8 ബില്യൺ യു.എസ് ഡോളറായിരുന്നു. എണ്ണയും അനുബന്ധ ഉൽപന്നങ്ങളും ഉൾപ്പെടെയുള്ള ഊർജ കയറ്റുമതിയാണ് ഈ വളർച്ചക്ക് മുഖ്യ കാരണം. എന്നാൽ, ഊർജമേഖലക്ക് അപ്പുറം വ്യാപാര-സഹകരണ മേഖലകൾ വിപുലീകരിക്കാൻ ഇരുരാജ്യങ്ങളും താൽപര്യപ്പെടുന്നുണ്ട്. ലോഹസംസ്കരണവും സ്റ്റീൽ മേഖലയുമടക്കമുള്ള ഇന്ത്യൻ നിക്ഷേപങ്ങൾ ഒമാനിൽ നിലവിലുണ്ടെന്നും ഗ്രീൻ ഹൈഡ്രജൻ, സുസ്ഥിര വികസനം തുടങ്ങിയ പുതിയ മേഖലകൾ വളർച്ച നേടുകയാണെന്നും അംബാസഡർ പറഞ്ഞു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യാ-ഒമാൻ ചർച്ചകളിലെ കേന്ദ്രബിന്ദുവാണെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. പ്രധാന കപ്പൽ പാതകളോട് ചേർന്നുള്ള ഒമാന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം ഇന്ത്യൻ വ്യാപാരത്തിന് ആകർഷക ഘടകമാണ്. സുൽത്താനുമായുള്ള കൂടിക്കാഴ്ചയും പ്രതിനിധിതല ചർച്ചകളും മോദിയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി നടക്കും. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം എന്നിവയിലെ സഹകരണവും പരസ്പര താൽപര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും ഇരുകക്ഷികളും സമഗ്രമായി അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.സമയോചിതമാണ് ഒമാനിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് അംബാസഡർ വിശേഷിപ്പിച്ചു.
ഇന്ത്യ- ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം. മോദിയുടെ അവസാന ഒമാൻ സന്ദർശനത്തിന് എട്ടു വർഷവും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യയിലേക്കുള്ള സന്ദർശനത്തിന് രണ്ട് വർഷവും പിന്നിടുകയാണ്. സാമ്പത്തിക ബന്ധങ്ങളാണ് ഇന്ത്യ-ഒമാൻ പങ്കാളിത്തത്തിന്റെ ശക്തി. ഈ സന്ദർശനത്തിലൂടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും എല്ലാ മേഖലകളിലേക്കും വികസിപ്പിക്കാനും വ്യക്തമായ മാർഗനിർദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു. മസ്കത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കുന്ന ചടങ്ങുകളിൽ ഇന്ത്യൻ പ്രവാസികളും വിദ്യാർഥികളുമടങ്ങുന്ന സമൂഹത്തെ പ്രധാനമന്ത്രി പ്രത്യേകം അഭിസംബോധന ചെയ്യും.
മോദിയുടേത് ഒമാനിലേക്കുള്ള രണ്ടാം സന്ദർശനം
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിക്കുന്നത് ഇത് രണ്ടാം തവണ. 2018 ഫെബ്രുവരിയിലായിരുന്നു ആദ്യ സന്ദർശനം. ഫലസ്തീനും അബൂദബിയുമടക്കം ഉൾക്കൊള്ളുന്ന നാലുദിവസത്തെ വിദേശ യാത്രയിലാണ് അന്ന് മോദി ഒമാനിലെത്തിയത്. അന്നത്തെ സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി മസ്കത്തിലെ ബൈത്തുൽ ബറകയിൽ കൂടിക്കാഴ്ച നടത്തിയ മോദി രണ്ടു ദിവസം സുൽത്താനേറ്റിൽ തങ്ങി. പിന്നീട് 2023 ഡിസംബറിൽ ഇപ്പോഴത്തെ സുൽത്താൻ ഹൈതം ബിൻ താരിഖ് ഡൽഹിയിലെത്തി പ്രധാനന്ത്രിയുമായി ചർച്ച നടത്തി. ഒമാൻ ഭരണാധികാരി എന്ന നിലയിൽ സുൽത്താൻ ഹൈതമിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു അത്. മൂന്നു ദിവത്തെ സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുർമുവുമായും സുൽത്താൻ ഹൈതം ബിൻ താരിഖ് കൂടിക്കാഴ്ച നടത്തി. ഒരു ഒമാൻ സുൽത്താന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിന് കാൽ നൂറ്റാണ്ട് തികഞ്ഞ വേളയിൽക്കൂടിയായിരുന്നു സുൽത്താൻ ഹൈതമിന്റെ ആ സന്ദർശനം.
2018 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
അന്നത്തെ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

