പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മസ്കത്ത് റോയൽ എയർപോർട്ടിൽ നൽകിയ സ്വീകരണം
മസ്കത്ത്: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. ബുധനാഴ്ച വൈകീട്ട് 4.45നായിരുന്നു പ്രധാനന്ത്രി മസ്കത്തിലെ റോയൽ എയർപോർട്ടിൽ വന്നിറങ്ങിയത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർദാനും എത്യോപ്യയും സന്ദർശിച്ചശേഷമാണ് മോദി ഒമാനിലെത്തിയത്. ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരീഖ് അൽ സഈദിന്റെ നേതൃത്വത്തിൽ മോദിക്ക് ഔദ്യോഗിക വരവേൽപ് നൽകി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഇന്ത്യയും ഒമാനും തമ്മിലെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷ. മസ്കത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കുന്ന വിവിധ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യൻ പ്രവാസികളും വിദ്യാർഥികളുമടങ്ങുന്ന സമൂഹത്തെ പ്രധാനമന്ത്രി പ്രത്യേകം അഭിസംബോധന ചെയ്യും.
സുൽത്താനുമായുള്ള കൂടിക്കാഴ്ച്ചയും പ്രതിനിധിതല ചർച്ചകളും മോദിയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി നടക്കും. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സംസ്‌കാരം എന്നിവയിലെ സഹകരണവും പരസ്പര താൽപര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും ഇരുകക്ഷികളും സമഗ്രമായി അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ- ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70-ആം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം.
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിക്കുന്നത്. 2018 ഫെബ്രുവരിയിലായിരുന്നു ആദ്യ സന്ദർശനം. ഫലസ്തീനും അബൂദബിയുമടക്കം ഉൾക്കൊള്ളുന്ന നാലുദിവസത്തെ വിദേശ യാത്രയിലാണ് അന്ന് മോദി ഒമാനിലെത്തിയത്. അന്നത്തെ സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി മസ്കത്തിലെ ബൈത്തുൽ ബറകയിൽ കൂടിക്കാഴ്ച നടത്തിയ മോദി രണ്ടു ദിവസം സുൽത്താനേറ്റിൽ തങ്ങി. പിന്നീട് 2023 ഡിസംബറിൽ ഇപ്പോത്തെ സുൽത്താൻ ഹൈതം ബിൻ താരിഖ് ഡൽഹിയിലെത്തി പ്രധാനന്ത്രിയുമായി ചർച്ച നടത്തി.
ഒമാൻ ഭരണാധികാരി എന്ന നിലയിൽ സുൽത്താൻ ഹൈതമിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു അത്. മൂന്നു ദിവത്തെ സന്ദർശനത്തിനിടെ രാഷട്രപതി ദ്രൗപതി മുർമുവുമായും സുൽത്താൻ ഹൈതം ബിൻ താരിഖ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു ഒമാൻ സുൽത്താന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിന് കാൽ നൂറ്റാണ്ട് തികഞ്ഞവേളയിൽക്കൂടിയായിരുന്നു സുൽത്താൻ ഹൈതമിന്റെ ആ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

