പകർച്ചവ്യാധി തടയൽ; മസ്കത്ത് മുനിസിപ്പാലിറ്റിയുടെ പ്രതിരോധ പ്രവർത്തനം തുടരുന്നു
text_fieldsമസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം
മസ്കത്ത്: പകർച്ചവ്യാധികൾ പരത്തുന്ന കീടങ്ങളെയും എലികളെയും ചെറുക്കുന്നതിനുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നു. കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ ബൗഷറിലെ വിവിധ ഇടങ്ങളിൽ കീടനാശിനികളും മറ്റും തളിച്ചു. ആഗസ്റ്റിൽ വിവിധ പ്രദേശങ്ങളിലുള്ള 2000ത്തിൽ അധികം റെസിഡൻഷ്യൽ യൂനിറ്റുകൾ സന്ദർശിച്ച് കീടനാശിനികൾ തളിച്ചിരുന്നു.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലുടനീളമുള്ള വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് കൊതുകുകളെയും മറ്റും ഇല്ലാതാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രജനനകേന്ദ്രങ്ങൾ ഇല്ലാതാക്കാൻ ശുചിത്വ രീതികൾ സ്വീകരിക്കാനായി കമ്യൂണിറ്റി അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
തലസ്ഥാന നഗരിയിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയർത്തിയിരുന്നു. റൂവി, ഹംരിയ, ദാർസൈത്ത് എന്നിവിടങ്ങളിൽ ചില കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ജാഗ്രത നിർദേശം നൽകിയിരുന്നു. കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വീട്ടിലോ പരിസരത്തോ കെട്ടിനിൽക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകിന്റെ വ്യാപനത്തിന് കാരണമാകും. എയർ കണ്ടീഷണറിന്റെ വെള്ളം ശേഖരിക്കുന്ന ടബുകൾ, ടയറുകളിൽ അടിഞ്ഞുകൂടിയ വെള്ളം, ജലധാരകൾ, പാത്രങ്ങൾ, മൃഗങ്ങളുടെ വെള്ളപ്പാത്രങ്ങൾ, ചെടിച്ചട്ടികൾ മുതലായവയാണ് സാധാരണ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ. ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ ഒഴിവാക്കണമെന്നും അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണമെന്നും നിർദേശിച്ചു.

