വിവാഹപൂർവ മെഡിക്കൽ പരിശോധന; നടപടിക്രമങ്ങൾ വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം
text_fieldsമസ്കത്ത്: വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധന (പ്രീ- മാരിറ്റൽ സ്ക്രീനിങ്) നടത്തുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം. ഒമാനിലെ സർക്കാർ മേഖലയിലെയോ സ്വകാര്യ മേഖലയിലെയോ അംഗീകൃത ആരോഗ്യസ്ഥാപനം സന്ദർശിച്ചാണ് നടപടികൾ ആരംഭിക്കേണ്ടത്. അപേക്ഷകരായ ഇരുവരുടെയും മെഡിക്കൽ ചരിത്രം (ദീർഘകാല രോഗങ്ങൾ, പാരമ്പര്യ രോഗങ്ങൾ എന്നിവ ഉൾപ്പെടെ) ഡോക്ടർ പരിശോധിക്കുകയും, രക്തസമ്മർദം ഉൾപ്പെടെയുള്ള പൊതുആരോഗ്യ പരിശോധനകൾ നടത്തുകയും ചെയ്യും.
പരിശോധനയുടെ ഭാഗമായി രക്തപരിശോധനകൾ, ലൈംഗികമായി പകരുന്ന രോഗങ്ങളുടെ സ്ക്രീനിങ്, ആവശ്യമായ മറ്റ് മെഡിക്കൽ പരിശോധനകൾ എന്നിവയും ഉൾപ്പെടും. പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ ആവശ്യമായ ആരോഗ്യ ഉപദേശം നൽകുകയും ലഭ്യമായ മാർഗങ്ങൾ വിശദീകരിക്കുകയും, സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. ആവശ്യമായ സാഹചര്യങ്ങളിൽ ജനിതക (ജനറ്റിക്), മാനസിക (സൈക്കോളജിക്കൽ) കൗൺസലിങ്ങും നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ചികിത്സ ആവശ്യമാണെങ്കിൽ അത് നേരിട്ട് നൽകുകയോ ബന്ധപ്പെട്ട വിദഗ്ധരിലേക്ക് റഫർ ചെയ്യുകയോ ചെയ്യും. എല്ലാ പരിശോധനകളും കൗൺസലിങ്ങും പൂർത്തിയായ ശേഷം, ആരോഗ്യസ്ഥാപനം ഇരുവർക്കും ഔദ്യോഗിക പ്രീ-മാരിറ്റൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് വിവാഹ കരാർ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട നോട്ടറി ഓഫിസിലേക്ക് കൈമാറും. അപേക്ഷകരുടെ സമ്മതത്തോടെയാണ് ഇത് നോട്ടറി ഓഫിസിലേക്ക് കൈമാറുക.
പരിശോധന നടത്തിയ തീയതി മുതൽ മൂന്ന് മാസം വരെ സർട്ടിഫിക്കറ്റിന് സാധുതയുണ്ടാകും.
വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധന ഒരു നിർബന്ധ നടപടിയായി മാത്രമല്ല, ദമ്പതികൾക്ക് ആരോഗ്യമുള്ളതും സ്ഥിരതയുള്ളതുമായ ജീവിതം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിത് കാണേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധന ജനുവരി ഒന്നു മുതൽ നിർബന്ധമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ഒമാനി പൗരന്മാരുടെ വിവാഹങ്ങൾക്കും ഇത് ബാധകമാണ്. ദമ്പതികളിൽ ഒരാൾ മാത്രം ഒമാനി പൗരൻ / പൗരി ആണെങ്കിലും നിയമം ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവർക്ക് കുറഞ്ഞത് 10 ദിവസവും പരമാവധി ആറുമാസവും തടവോ, അല്ലെങ്കിൽ 100 മുതൽ 1,000 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും ചേർന്നോ ശിക്ഷ ലഭിക്കും.
നേരത്തേ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും നിർബന്ധമാക്കിയിരുന്നില്ല. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

