വിവാഹപൂര്‍വ മെഡിക്കല്‍ പരിശോധന നിർബന്ധമാക്കുന്നു
text_fieldsപ്രീ മാരിറ്റല്‍ മെഡിക്കല്‍ പരിശോധന ബോധവത്കരണ കാമ്പയിന് തുടക്കമായപ്പോൾ
മസ്കത്ത്: വിവാഹപൂര്‍വ (പ്രി മാരിറ്റല്‍) മെഡിക്കല്‍ പരിശോധന നിർബന്ധമാക്കാൻ ഒമാൻ ഒരുങ്ങുന്നു. നവജാതശിശു നിരീക്ഷണം വ്യാപകമാക്കുന്ന പദ്ധതിയും ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു.
ഔഖാഫ്- മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സഈദ് അല്‍ മഅ്മരിയുടെ കാര്‍മികത്വത്തിലും ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. പാരമ്പര്യ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി എല്ലാ ദമ്പതികളെയും പരിശോധനക്ക് വിധേയരാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. നിലവില്‍ 39 ശതമാനം ദമ്പതികളാണ് പരിശോധനക്ക് വിധേയരാകുന്നത്.
ഹെപറ്റൈറ്റിസ് ബി, സി.എച്ച്.ഐ.വി, സിഫിലിസ് പോലുള്ള ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ് ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സേവന-പദ്ധതി വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ബദരിയ്യ അല്‍ റശ്ദി പറഞ്ഞു.
വിവാഹത്തിനൊരുങ്ങുന്ന എല്ലാ ഒമാനികളെയും വിദേശികളെ വിവാഹം കഴിക്കുന്നവരെയും മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കുന്നതാണ് ദേശീയ കാമ്പയിന്. പകര്‍ച്ചവ്യാധിയുണ്ട് എന്നതുകൊണ്ട് വിവാഹാലോചനയില്‍ നിന്ന് ഒഴിയേണ്ടതുമില്ല. വിവാഹാലോചന തുടരണമോ വേണ്ടയോ എന്നത് അതത് ദമ്പതിമാരുടെ തീരുമാനത്തിന് വിടും.
വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. പരിശോധനക്ക് വേണ്ടി ദമ്പതിമാര്‍ ഒരുമിച്ച് മെഡിക്കല്‍ കേന്ദ്രത്തില്‍ എത്തേണ്ടതില്ല. വിവാഹത്തിന് മുമ്പ് മെഡിക്കല്‍ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം വ്യാപകമാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. വിവാഹ ഉടമ്പടി പൂര്‍ത്തിയാക്കാൻ നിര്‍ബന്ധിത വിവാഹപൂര്‍വ പരിശോധന ആവശ്യമാണെന്ന ഔദ്യോഗികതയുടെ വശം കൂടി ഇതിനുണ്ട്.
നവജാത ശിശു നിരീക്ഷണം, വിവാഹപൂര്‍വ മെഡിക്കല്‍ പരിശോധന വിവിധ ഘട്ടങ്ങങ്ങളിലൂടെയാണ് നടപ്പാക്കുക. മസ്കത്ത് ഗവര്‍ണറേറ്റില്‍ ഒമ്പത് മാസം പൈലറ്റ് ഘട്ടം നടത്തും. തുടര്‍ന്ന് തെക്ക്-വടക്ക് ബാത്തിന, തെക്ക്-വടക്ക് ശർകിയ ഗവര്‍ണറേറ്റുകളില്‍ മൂന്ന് മാസവുമുണ്ടാകും. ഇതിനു ശേഷം ദാഹിറ, അല്‍ വുസ്ത, ദാഖിലിയ്യ, മുസന്ദം, ദോഫാര്‍, ബുറൈമി ഗവര്‍ണറേറ്റുകളിലും ഇതേ കാലയളവില്‍ പദ്ധതി നടപ്പാക്കും.
രണ്ട് മുതല്‍ മൂന്ന് ദിവസം വരെ പ്രായമുള്ള നവജാത ശിശുവിന്റെ ഉപ്പൂറ്റിയില്‍ നിന്ന് രക്തം ശേഖരിച്ച് ജനിതക മെറ്റാബോളിക്, എന്‍ഡോക്രൈന്‍ രോഗങ്ങളാണ് പരിശോധിക്കുക. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് രോഗം കണ്ടെത്തി നേരത്തേതന്നെ ചികിത്സ ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ രോഗ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സാധിക്കും. കുട്ടിയുടെ ജീവിതത്തിന്റെ ഗുണമേന്മ ഇതിലൂടെ മെച്ചപ്പെടുത്താം.
വിവാഹപൂർവ മെഡിക്കൽ പരിശോധന ലോകാരോഗ്യ സംഘടന പ്രീകൺസെപ്ഷൻ കെയറിന്റെ ഭാഗമായി തരംതിരിച്ചിരിക്കുന്ന ഒരു പ്രതിരോധ ആരോഗ്യ പരിപാടിയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധയും പ്രീമാരിറ്റൽ മെഡിക്കൽ എക്സാമിനേഷൻ ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ. റിയ സഈദ് അൽ ഖമ്യാനി പററഞ്ഞു. വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് കൗൺസിലിങ് നൽകുന്നതും ലബോറട്ടറി പരിശോധനകൾ നടത്തുന്നതും ഇണയെയോ ഇരുവരെയും അല്ലെങ്കിൽ അവരുടെ ഭാവിയിലെ കുട്ടികളെയോ ബാധിച്ചേക്കാവുന്ന ആരോഗ്യ അപകടസാധ്യതകളുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുന്നതുമാണ് പരിശോധനയുടെ ഉദ്ദേശം.
ആരോഗ്യകരമായ ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിനായി, ഏതെങ്കിലും കക്ഷിയോ രണ്ടുപേരും അവരുടെ സന്തതികളിലേക്കോ ഇണകൾക്കിടയിലേക്കോ പകരാൻ സാധ്യതയുള്ള ഏതെങ്കിലും രോഗങ്ങളോ മറ്റോ ഉണ്ടെന്ന് കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

