പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ.ആർ. മീരക്ക് സമ്മാനിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം
കെ.ആർ. മീരക്ക് കൺവീനർ പി. ശ്രീകുമാർ സമ്മാനിക്കുന്നു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ.ആർ. മീരക്ക് സമ്മാനിച്ചു. റൂവി അൽഫലാജ് ഹോട്ടലിന്റെ ഗ്രാൻഡ് ഹാളിൽ നടന്ന ‘സർഗസംഗീതം 2023’ പരിപാടിയിൽ കെ.ആർ. മീരക്ക് കൺവീനർ പി. ശ്രീകുമാറാണ് അവാർഡ് സമ്മാനിച്ചത്. മസ്കത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറിയും മലയാളം വിങ് ഒബ്സർവറുമായ ബാബു രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
നിരവധി അവാർഡുകൾ നേടിയ കെ.ആർ. മീരയുടെ ‘ആരാച്ചാർ’ നോവലിന് പുരസ്കാരം കൊടുക്കാൻ സാധിച്ചത് അഭിമാനമായി കരുതുന്നുവെന്ന് സ്വാഗതപ്രസംഗത്തിൽ പി. ശ്രീകുമാർ പറഞ്ഞു. 41 വർഷത്തെ സംഗീതജീവിതം പൂർത്തിയാക്കിയ സിനിമ പിന്നണിഗായകൻ ഉണ്ണിമേനോനെ ചടങ്ങിൽ ആദരിച്ചു. മലയാളം വിങ് കോ കൺവീനർ ലേഖ വിനോദ്, ട്രഷറർ അജിത് മേനോൻ എന്നിവർ സംസാരിച്ചു.
പിന്നണിഗായകൻ ഉണ്ണിമേനോന്റെ നേതൃത്വത്തിൽ ഗാനവിരുന്നും നടന്നു. മലയാളം വിങ്ങിന്റെ അംഗങ്ങളും ഗായികമാരുമായ സംഗീത, സ്മൃതി, റിജി, ബീന, പ്രീതി എന്നിവർ ഉണ്ണിമേനോനോടൊപ്പം യുഗ്മഗാനങ്ങൾ പാടി. ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ചടങ്ങിന് മിഴിവേകി.
കോ കൺവീനർ ലേഖ വിനോദ്, ട്രഷറർ അജിത് കുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി സുനിൽകുമാർ കൃഷ്ണൻ നായർ, സംഗീത നാടക വിഭാഗം സെക്രട്ടറി സതീഷ് കുമാർ, മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ബാബു തോമസ്, കൃഷ്ണേന്ദു, ആതിര ഗിരീഷ്, ടീന ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മലയാള വിഭാഗം ഓഫിസിൽ നടന്ന സാഹിത്യ ചർച്ചയിലും കെ.ആർ. മീര പങ്കെടുത്തു. കൺവീനർ പി. ശ്രീകുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി സുനിൽകുമാർ കൃഷ്ണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.

