കോവിഡ് വ്യാപനം: സമ്പൂർണ ലോക്ഡൗണിനുള്ള സാധ്യത തള്ളികളയാതെ ആരോഗ്യ മന്ത്രി
text_fieldsആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സുപ്രീം കമ്മിറ്റി വാർത്താ സമ്മേളനം
മസ്കത്ത്: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നതിെൻറ പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തള്ളികളയാതെ ആരോഗ്യമന്ത്രി. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് രാജ്യത്തിെൻറ സമ്പദ്ഘടനക്ക് വലിയ ആഘാതമേൽപ്പിക്കുമെന്ന് ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. എന്നാൽ എന്ത് തന്നെ പ്രത്യാഘാതം നേരിടേണ്ടിവന്നാലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നാണ് സുൽത്താെൻറ നിർദേശമെന്നും ആരോഗ്യ മന്ത്രി വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റി വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ ആരും വിമുഖത കാണിക്കരുത്. രോഗവ്യാപനം തടയാനുള്ള ഉത്തരവാദിത്വം ഒാരോ വ്യക്തിയിലും അർപ്പിതമാണ്. മുൻ കരുതൽ സംബന്ധിച്ച സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ സർക്കാർ ഒരിക്കലും ക്ഷമിക്കില്ലെന്നും കർശന നടപടി ഉറപ്പാക്കുമെന്നും ഡോ. അൽ സഇൗദി ഒാർമിപ്പിച്ചു.
തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന തോതിൽ തുടരുന്നതാണ് ആശങ്കാജനകം. ബുധനാഴ്ച മാത്രം 14 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 216 ആയി ഉയർന്നു. ഇതിൽ 147പേരും വെൻറിലേറ്ററിലാണ് ഉള്ളത്. കഴിഞ്ഞയാഴ്ചയിൽ മരണപ്പെട്ടവരിൽ 83 ശതമാനം പേരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരുന്നവരാണ്. ഇതുവരെ മരിച്ചവരിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരുന്നവരുടെ എണ്ണം 75 മുതൽ 85 ശതമാനം വരെയാണെന്നും ഡോ.അൽ സഇൗദി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കൂടിയ നിരക്കിലായതിനാൽ മരണനിരക്ക് കുറയുമെന്ന് കരുതാൻ കഴിയില്ല.
രോഗമുക്തി നിരക്ക് 87 ശതമാനമാണ്. പ്രതിരോധ നടപടികൾ പാലിക്കാത്തതിനാലാണ് രോഗമുക്തി നിരക്ക് കുറയാൻ കാരണം. ഒത്തുചേരലുകൾക്കുള്ള വിലക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ റിപ്പോർട്ട് ചെയ്യുകയും വേണം. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ദേശീയ ഉത്തരവാദിത്വമാണ്. അധികൃതരെ അറിയിക്കാതിരിക്കുന്നത് മറ്റൊരു കുറ്റകൃത്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഡോക്ടർമാർ അടക്കം ആരോഗ്യ പ്രവർത്തകർ കടുത്ത മാനസിക സമ്മർദത്തിലാണുള്ളത്. ഒരു ഗവർണറേറ്റിലെ ആരോഗ്യ ജീവനക്കാർ കഴിഞ്ഞ ആറുമാസത്തിനിടെ ഒരു അവധിപോലും എടുത്തിട്ടില്ല. മൊത്തം രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെയാണ് മരണനിരക്ക്. എന്നിരുന്നാലും മരണങ്ങൾ വേദനയുണ്ടാക്കുന്നതും കൃത്യമായ പ്രതിരോധ നടപടികൾ പാലിച്ചാൽ നിയന്ത്രിക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മരണപ്പെടുന്നവരിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതൽ. അസുഖം ശരീരത്തിലെ നിരവധി അവയവങ്ങളെ കേടുവരുത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രോഗബാധിതരുടെ എണ്ണത്തിലെ വർധന നിമിത്തം െഎ.സി.യുവിലേക്ക് അടക്കം കൂടുതൽ ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യേണ്ട അവസ്ഥയാണ്. സുൽത്താെൻറ അകമഴിഞ്ഞ പിന്തുണ ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന് ഉണ്ടെങ്കിലും പരിചയ സമ്പന്നരായ ജീവനക്കാരെ ലഭിക്കാത്ത സാഹചര്യമാണുള്ളത്. മികച്ച സേവനമാണ് ആരോഗ്യ പ്രവർത്തകർ ചെയ്യുന്നത്. എന്നിരുന്നാലും തുടർച്ചയായുള്ളതും സമ്മർദമുള്ളതുമായ ജോലി പലരിലും ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വൈറസ് അതിവേഗം വ്യാപിപ്പിക്കുകയാണ്. പല രാജ്യങ്ങളിലെയും പോലെ മൂന്നാം വരവിെൻറ സാധ്യത നിലനിൽക്കുകയാണ്. എല്ലാവരും സഹകരിച്ച് പ്രവർത്തിച്ചാലേ രോഗഭീഷണി ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് കൂട്ടായ്മയിലെ ആദ്യ രാജ്യങ്ങളിലൊന്ന് ഒമാനാണ്. വാക്സിൻ നിർമാതാക്കളുമായി നിരന്തരം ബന്ധം പുലർത്തിവരുന്നുണ്ട്.
സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കമ്മിറ്റി പുനരവലോകനം ചെയ്തുവരുകയാണ്. ഇത് സംബന്ധിച്ച തീരുമാനം വൈകാതെ പ്രഖ്യാപിക്കും. മുൻകരുതൽ നടപടികൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന കാര്യത്തിൽ മാറ്റമില്ല. രോഗവ്യാപനം തടയുന്നതിനായി ഇത് കർശനമായി നടപ്പിലാക്കും. ചില വാണിജ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന വിഷയത്തിൽ വൈകാതെ തീരുമാനമെടുക്കും. ചിലർ നിയമങ്ങൾ അനുസരിക്കാത്തതിനാൽ നിയമങ്ങൾ അനുസരിക്കുന്നവരും ശിക്ഷയേറ്റുവാങ്ങേണ്ട അവസ്ഥയാകും. വാണിജ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനം കൈകൊള്ളേണ്ടിവരില്ലെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
3914 ആരോഗ്യ പ്രവർത്തകർ ഇതുവരെ രോഗബാധിതരായി. ഇതിൽ 577 പേർ ഡോക്ടർമാരും 1831 നഴ്സുമാരാണ് ഉള്ളത്. 51 ശതമാനം ആരോഗ്യ പ്രവർത്തകർക്കും തൊഴിലിടത്തിന് പുറത്താണ് രോഗബാധയേറ്റത്. കഴിഞ്ഞ ദിവസം മൂന്നാമതൊരു ആരോഗ്യ പ്രവർത്തക കൂടി മരണപ്പെട്ടു. വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് നിരീക്ഷണത്തിന് ബ്രേസ്ലെറ്റ് നൽകിവരുന്നുണ്ട്. ഇവർ ക്വാറൈൻറൻ വ്യവസ്ഥ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവരും മൊബൈൽ ഫോണിൽ തറാസുദ് പ്ലസ്ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ക്വാറൈൻറൻ ലംഘിച്ച് ആരെങ്കിലും അടുത്ത് വരുന്ന പക്ഷം ഫോൺ മുന്നറിയിപ്പ് നൽകും.
വൈകുന്നേര സമയങ്ങളിലാണ് കൂടുതൽ ഒത്തുചേരലുകൾ നടക്കുന്നത്. അതിനാലാണ് രാത്രി സഞ്ചാരവിലക്ക് ഏർപ്പെടുത്തിയത്. പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നത് വഴി നിയമലംഘനങ്ങൾ കുറയുമെന്നാണ് ചില രാജ്യങ്ങളുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. അതിനാലാണ് നിയമലംഘകരുടെ ചിത്രങ്ങളും ഫോേട്ടാകളും പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെതന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

