Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നോണം വരവായി; ആഘോഷങ്ങൾക്ക് ഒരുക്കവുമായി പ്രവാസികൾ

text_fields
bookmark_border
പൊന്നോണം വരവായി; ആഘോഷങ്ങൾക്ക് ഒരുക്കവുമായി പ്രവാസികൾ
cancel

സുഹാർ: മലയാളിയുടെ മനസിൽ മാവേലിമന്നന്റെ വരവറിയിച്ച് അത്തപ്പൊട്ടിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രവാസഭൂമിയിൽ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾ അണിയറയിൽ സജീവം. മണലാരണ്യത്തിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ജന്മനാടിന്റെ തനിമ ചോരാതെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളി കൂട്ടായ്മകൾ. പ്രവാസി മലയാളികളുടെ ഹൃദയങ്ങളിൽ വീണ്ടും ഒരു പൊന്നോണക്കാലത്തിന്റെ അലയൊലികൾ ഉണരുകയാണ്. നാട്ടിൽ ഓണം ആഗസ്റ്റ് 17-ന് തുടങ്ങി ആഗസ്റ്റ് 26-ന് തിരുവോണത്തോടെ ചടങ്ങുകൾ സമാപിക്കുമ്പോൾ, പ്രവാസലോകത്ത് ആഴ്ചകൾക്ക് മുമ്പെ ആഘോഷ പരിപാടികൾക്ക് തുടക്കമാവുകയാണ്. ഗൾഫിലെ പ്രമുഖ പ്രവാസി സംഘടനകളെല്ലാം തന്നെ ദിവസങ്ങൾ നീളുന്ന വിപുലമായ ഓണാഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

നാട്ടിൽ ഓണവിപണി ഉണരുന്നതിന് തൊട്ടുമുമ്പ് തന്നെ പ്രവാസലോകത്തെ മലയാളി കേന്ദ്രങ്ങളിലെ കടകമ്പോളങ്ങൾ ഓണസാമഗ്രികളാൽ നിറഞ്ഞു കഴിഞ്ഞു. പൂക്കളമിടാനുള്ള തൃക്കാക്കരയപ്പൻ (ഓണത്തപ്പൻ), നിലവിളക്കുകൾ, പൂജാസാധനങ്ങൾ, കളിമൺ പാത്രങ്ങൾ എന്നിവയുടെ വിപുലമായ സ്റ്റോക്കുകളാണ് ഇതിനകം വിപണിയിൽ എത്തിയിട്ടുള്ളത്. ഓണപ്പൂക്കളത്തിന് മാറ്റ് കൂട്ടാൻ നാട്ടിൽ നിന്നുള്ള ഫ്രഷ് പൂക്കൾക്കായി പ്രവാസികൾ ഇതിനകം തന്നെ മുൻകൂട്ടി ഓർഡറുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വിമാനമാർഗ്ഗം എത്തുന്ന വിവിധതരം പൂക്കൾ വിപണിയെ കൂടുതൽ സജീവമാക്കും.

പൂവിളികൾക്ക് മുന്നോടിയായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പ്രവാസി സംഘടനകളുടെയും റീജിയണൽ കൂട്ടായ്മകളുടെയും വലിയ തോതിലുള്ള വിളംബരങ്ങളാണ് നടക്കുന്നത്. ആഘോഷങ്ങളുടെ തീയതിയും വേദിയും നിശ്ചയിച്ചുകൊണ്ടുള്ള ആകർഷകമായ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും കൊണ്ട് ഫേസ്ബുക്കും വാട്സാപ്പ് ഗ്രൂപ്പുകളും ഇപ്പോൾ തന്നെ സജീവമാണ്. ഓണം കഴിഞ്ഞാലും പ്രവാസികൾക്ക് ആഘോഷങ്ങളുടെ പൂരക്കാലമാണ്. ജോലിത്തിരക്കുകൾ ഉള്ളതിനാൽ തിരുവോണത്തിന് ശേഷമുള്ള വാരാന്ത്യ അവധി ദിനങ്ങളിലാണ് പ്രവാസികൾ ഓണം കൊണ്ടാടുക. ഓരോ മേഖലയിലുമുള്ള നിരവധി കൂട്ടായ്മകളും സ്ഥാപനങ്ങളും മാസങ്ങൾക്ക് മുമ്പ് തന്നെ തീയതികൾ ബുക്ക് ചെയ്താണ് ആഘോഷങ്ങൾ ക്രമീകരിക്കുന്നത്. തിരുവാണം കഴിഞ്ഞാലും വരുന്ന രണ്ടോ മൂന്നോ മാസം പ്രവാസികൾക്ക് ആഘോഷങ്ങളുടെ പൂരക്കാലമാണ്.

ആളുകളുടെ പങ്കാളിത്തം അനുസരിച്ചാണ് ഓണാഘോഷങ്ങൾക്കായി ഹാളുകളും വലിയ സൗകര്യങ്ങളും ഒരുക്കുന്നത്. വലിയ റസ്റ്റോറന്റുകൾ, ഫാം ഹൗസുകൾ, ഓഡിറ്റോറിയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് പ്രവാസികൾ പ്രധാനമായും ആഘോഷങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ച് വൻതോതിൽ സദ്യയൊരുക്കുന്ന വലിയ അസോസിയേഷനുകൾ മുതൽ അമ്പതും നൂറും പേർ ചേരുന്ന ചെറിയ സൗഹൃദ കൂട്ടായ്മകൾ വരെ ഇവിടെ സജീവമാണ്. ചില പ്രമുഖ സംഘടനകൾ നാട്ടിൽ നിന്ന് പ്രശസ്തരായ പാചക വിദഗ്ധരെ പ്രത്യേകമായി ഒമാനിൽ എത്തിച്ചാണ് രുചിയൂറും ഓണസദ്യ പ്രവാസികൾക്കായി വിളമ്പുന്നത്. പൂക്കളമത്സരങ്ങൾ, തിരുവാതിരക്കളി, മാവേലി എഴുന്നള്ളത്ത്, വടംവലി, വിവിധ ഓണക്കളികൾ എന്നിവയും ഒപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ചേരുന്നതോടെ പ്രവാസലോകത്തെ ഓണാഘോഷം നാട്ടിലെ ഓണത്തെപ്പോലും വെല്ലുന്ന തരത്തിലുള്ള വലിയൊരു ജനകീയോത്സവമായി മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ponnonam has arrived; expatriates are preparing for the celebrations
Next Story