മാലിന്യനിക്ഷേപം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: നഗരത്തിന്റെ ശുചിത്വത്തെയും സൗന്ദര്യത്തെയും ദോഷകരമായി ബാധിക്കുന്ന രീതിയിൽ അശ്രദ്ധയോടെ മാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മസ്കത്തിനെ വൃത്തിയുള്ള നഗരമായി പരിവർത്തിപ്പിക്കാനുള്ള മുനിസിപ്പിലാറ്റി ശ്രമങ്ങളെയും പൊതുശുചിത്വ സംവിധാനത്തെയും പിന്തുണക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. മാലിന്യം ശരിയായരീതിയിൽ ശേഖരിക്കലും മാലിന്യനീക്കവും ഉൾപ്പെടുന്ന സമഗ്ര ശുചിത്വ സംവിധാനം ജീവിത നിലവാരം ഉയർത്തുന്നതിനും നഗരത്തിന്റെ മുഖച്ഛായ മെച്ചപ്പെടുത്തുന്നതിനും സഹായകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ് മസ്കത്ത് നഗരത്തിന്റെ ശുചിത്വ കാഴ്ച നിലനിൽക്കുന്നതെന്നും ശുചിത്വമുള്ള പരിസ്ഥിതി ശുദ്ധ വായുവിനും നല്ല ആരോഗ്യത്തിനും വഴിതെളിക്കുന്നതായും മുനിസിപ്പാലിറ്റി പ്രസ്താവനയിൽ ഉണർത്തി. നഗരത്തിലെ വൃത്തിയും വെടിപ്പും ജനങ്ങളുടെ പൗരബോധത്തിന്റെ കൂടി പ്രകടനമാണെന്നും മുനിസിപ്പാലിറ്റി ഓർമിപ്പിച്ചു.
മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലെ മാലിന്യശേഖരണവും മാലിന്യനീക്കവും കാര്യക്ഷമമാക്കാൻ മാലിന്യശേഖരണത്തിനും ഗതാഗതത്തിനും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. വിവിധ തരത്തിലുള്ള പൊതുശുചിത്വ പദ്ധതികൾ മുനിസിപ്പാലിറ്റി നടപ്പാക്കും.
മാലിന്യം നിക്ഷേപിക്കുന്നവർ നിശ്ചിത ബിന്നുകളിൽ മാത്രം ഇടുകയും മൂടി അടച്ചിടുകയും വേണം. വീടുകൾക്ക് മുന്നിലോ കടകൾക്ക് മുന്നിലോ മാലിന്യം നിക്ഷേപിക്കരുതെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
നഗരം ശുചിത്വത്തോടെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ മാത്രമല്ല, ജനങ്ങളുടെ കൂടി കടമയാണെന്ന് അധികൃതർ ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

