പി.എം. ജാബിറിനെ പ്രവാസി കമീഷൻ അംഗമായി നാമനിർദേശം ചെയ്തു
text_fieldsപി.എം. ജാബിർ
മസ്കത്ത്: പ്രമുഖ പ്രവാസി അവകാശ പ്രവർത്തകൻ പി.എം. ജാബിറിനെ പ്രവാസി കമീഷൻ അംഗമായി നാമനിർദേശം ചെയ്തു. പ്രവാസികളായ കേരളീയരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വത്തിനും അവരുടെ ക്ഷേമത്തിനാവശ്യമായ പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതിനും വേണ്ടി അർധ ജുഡീഷ്യൽ അധികാരങ്ങളോടെ 2015ലെ പ്രവാസി ഭാരതീയർ (കേരളം) കമീഷൻ ആക്ട് എന്ന പേരിൽ കേരള നിയമസഭ പാസാക്കിയതാണ് പ്രവാസി കമീഷൻ. ജസ്റ്റിസ് പി.ഡി. രാജൻ ചെയർമാനായ കമീഷനിൽ ജാബിറിനുപുറമെ ഗഫൂർ പി. ലില്ലീസ്, പീറ്റർ മാത്യു എന്നിവരാണ് മറ്റംഗങ്ങൾ.
ഗൾഫിലെ പ്രമുഖ ഇടതുപക്ഷ സംഘടനയായ കൈരളിയുടെ ജനറൽ സെക്രട്ടറി സ്ഥാനം പത്തുവർഷം വഹിച്ചിരുന്ന ജാബിർ ഒമാനിലെ ഇന്ത്യക്കാരുടെ പൊതുവേദിയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാമൂഹികക്ഷേമ വിഭാഗം സെക്രട്ടറിയായും പ്രവർത്തിച്ചു. തലശ്ശേരിയിലെ പ്രശസ്തമായ മാളിയേക്കൽ തറവാട്ടിലെ നഫീസയുടെ മകനാണ്. ഭാര്യ കൊട്ടോത്ത് സീഗൾ ഷഹനാസ്. മക്കളായ വൈലാന ദുബൈയിൽ മീഡിയ പ്രൊഡക്ഷൻ രംഗത്തും ജൂലിയാന ഒമാനിൽ ഫാഷൻ രംഗത്തും ബിസിനസ് നടത്തുന്നു.