വിമാനാപകടം; ഇന്ത്യൻ ദുഃഖത്തിൽ പങ്കുചേർന്ന് ഒമാനും
text_fieldsവിമാനാപകട സ്ഥലത്ത് നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ
മസ്കത്ത്: ഇന്ത്യയെ നടുക്കിയ അഹ് മദാബാദ് വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഒമാൻ. വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും അനുശോചനം അറിയിക്കുകയണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം അഗ്നിഗോളമായി മാറിയ എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിലെ യാത്രക്കാരിൽ 241 പേരും മരിച്ചതായാണ് റിപ്പോർട്ട്. ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിന് പിന്നാലെ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.
ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാൾ കനേഡിയൻ പൗരത്വവും ഉള്ളവരാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനദുരന്തമാണിത്.
അനുശോചനമറിയിച്ച് സുൽത്താനും
ലണ്ടനിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ വിമാനം തകർന്ന സംഭവത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും അഗാധമായ ദുഃഖവും അനുശോചനം അറിയിക്കുകയണെന്ന് സുൽത്താൻ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.
രഞ്ജിതയുടെ മരണം; സങ്കടമടക്കാനാകാതെ മുൻ സഹപ്രവർത്തക
അഹ്മദാബാദ് വിമാനാപകടത്തിൽപ്പെട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ നായറിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ സലാലയിലെ മുൻ സഹപ്രവർത്തക കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശിനി ദീപാ ബെന്നി ഒഴുകയിൽ. അരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്നു ഇരുവരും. മൂന്ന് വർഷത്തോളം ഒരുമിച്ച് ജോലി ചെയ്യുകയും നാലു വർഷത്തോളം ഫ്ലാറ്റിലും റൂമിലുമായി ഒരുമിച്ച് താമസിക്കുകയും ചെയ്തിട്ടുണ്ട്. വിമാനാപകട വാർത്ത ചാനലുകളിൽ ബ്രേക്ക് ചെയ്തപ്പോൾതന്നെ മനസ്സിൽ ആദിയായിരുന്നുവെന്ന് ദീപാ ബെന്നി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
രഞ്ജിതയോടൊപ്പം ദീപ ബെന്നി
കാരണം നിരവധി മലയാളികൾ നഴ്സിങ്ങിനും പഠനത്തിനും മറ്റുമായി ലണ്ടനിലേക്ക് പോകുന്നതാണ്. ഇതിനിടക്കാണ് അപ്രതീക്ഷിതമായി രഞ്ജിതയുടെ വാർത്ത എത്തുന്നത്. കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു. അവളുടെ മക്കളുടെ മുഖം മായാതെ മനസിൽ കിടക്കുകയാണ്. കൂടെ ജോലി ചെയ്യുന്നവരുടെ എല്ലാം സനേഹം പിടിച്ച് പറ്റുന്ന തരത്തിലുള്ള പെരുമാറ്റത്തിനുടമയായിരുന്നു രഞ്ജിത.
എപ്പോഴും കുടുംബവും അവരെ നല്ല രീതിയിൽ നോക്കേണ്ടതിനെകുറിച്ചുമായിരുന്നു സംസാരിച്ച് കൊണ്ടിരുന്നത്. ഈ ഒരു ലക്ഷ്യത്തിനായിരുന്നു ഒരുവർഷം മുമ്പ് അവൾ ലണ്ടനിലേക്ക് പോയതും. അവിടെ പറ്റിയില്ലെങ്കിൽ തിരിച്ചുവരുമെന്നും പറഞ്ഞായിരുന്നു മടക്കം. പിന്നീട് സാമൂഹ മാധ്യമങ്ങളിലൂടെ സുഖ വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നുവെന്നും കുടുംബത്തിനും മക്കൾക്കും ക്ഷമിക്കാനുള്ള കഴിവ് നൽകട്ടേയെന്ന് പ്രാർഥിക്കുകയാണെന്നും ദീപാ ബെന്നി ഒഴുകയിൽ പറഞ്ഞു. 19 വർഷമായി ഒമാനിലാണ് ദീപ ബെന്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

