ഒമാൻ-ജോർഡൻ ഷിപ്പിങ് ലൈൻ സ്ഥാപിക്കാൻ ആലോചന
text_fieldsസുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ-ജോർഡൻ വിവിധ കരാറുകളിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ജോർഡനിലെ അഖാബ തുറമുഖത്തിനും സുൽത്താനേറ്റിലെ തുറമുഖങ്ങൾക്കും ഇടയിൽ നേരിട്ടുള്ള ഷിപ്പിങ് ലൈൻ സ്ഥാപിക്കാൻ ഒമാനും ജോർഡനും ആലോചിക്കുന്നു. കഴിഞ്ഞ ആഴ്ച സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തിയ ജോർഡൻ സന്ദർശന വേളയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
റിയൽ എസ്റ്റേറ്റ് വികസന മേഖലയെ ഉൾക്കൊള്ളുന്ന ചർച്ചകളും ജോർഡനിലെ അഖബ തുറമുഖത്തിനും സുൽത്താനേറ്റിലെ തുറമുഖങ്ങൾക്കും ഇടയിൽ നേരിട്ടുള്ള ഷിപ്പിങ് ലൈൻ സ്ഥാപിക്കുന്നതിനുള്ള സാധ്യത പഠിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി പ്രസിഡന്റ് അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി പറഞ്ഞു. അടുത്തിടെ ജോർഡനിലേക്ക് ഒരു ടീമിനെ അയച്ചതായും രാജ്യവുമായുള്ള സഹകരണത്തിന് സാധ്യതയുള്ള നിരവധി മേഖലകൾ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സുൽത്താന്റെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ നിക്ഷേപങ്ങൾക്കായുള്ള ധാരണാപത്രവും ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയുണ്ടായി. ജോർഡനിലെ സോഷ്യൽ സെക്യൂരിറ്റി ഇൻവെസ്റ്റ്മെൻറ് ഫണ്ടിനെ (എസ്.എസ്.ഐ.എഫ്) പ്രതിനിധീകരിക്കുന്ന സോഷ്യൽ സെക്യൂരിറ്റി കോർപറേഷനും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമാണ് (ഒ.ഐ.എ) ധാരണയിലെത്തിയത്. ഒ.ഐ.എ പ്രസിഡൻറ് അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദിയും എസ്.എസ്.ഐ.എഫ് ചെയർമാൻ ഡോ.ഇസെദ്ദീൻ കനക്രിയുമാണ് ഒപ്പുവെച്ചത്.
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി, ഭക്ഷണം, കൃഷി, മരുന്നുകൾ, മെഡിക്കൽ സപ്ലൈസ്, ഊർജം, ഖനനം, ടൂറിസം, ലോജിസ്റ്റിക്സ് സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കരാർ വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

