അൽ സലീൽ പ്രകൃതി സംരക്ഷണ പാർക്ക് വികസിപ്പിക്കാൻ പദ്ധതി
text_fieldsഅൽ സലീൽ പാർക്ക് വികസിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ സലീൽ പ്രകൃതി സംരക്ഷണ പാർക്ക് വികസിപ്പിക്കുന്നു. പാർക്കിനെ വിനോദ സഞ്ചാരികളുടെ ആകർഷക കേന്ദ്രമാക്കാനാണ് പദ്ധതി. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയാണ് (ഒമിഫ്കോ) ഇതിനായി പണം മുടക്കുക. ഇതുസംബന്ധിച്ച ധാരണപത്രം പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അംരിയും ഒമിഫ്കോ ബോർഡ് ചെയർമാൻ സൈദ് ബിൻ താലിബ് അൽ മഅ്വാലിയും ഒപ്പുവെച്ചു.
വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളടക്കം നിർമിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാകും. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ അൽ വാഫിയിലുള്ള അൽ സലീൽ പാർക്ക് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. 220 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള പാർക്കിലാണ് ലോകത്തിലെ ഏഴ് ശതമാനം അറേബ്യൻ ഗസെല്ലെകളും വസിക്കുന്നത്.

