മസ്കത്ത് മെട്രോയും ഹഫീത് റെയിലും ബന്ധിപ്പിക്കാൻ പദ്ധതി
text_fieldsമസ്കത്ത്: മസ്കത്തിലെ ഗതാഗതകുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായ മസ്കത്ത് മെട്രോയെ ഹഫീത് റെയിലുമായി ബന്ധിപ്പിക്കാൻ പദ്ധതി. ഒമാനെയും യു.എ.ഇയേയും ബന്ധിപ്പിക്കുന്നതാണ് ഹഫീത് റെയിൽ. ഫ്രഞ്ച് എംബസിയുടെ പിന്തുണയുള്ള ബിസിനസ് ഫ്രാൻസ് സംഘടിപ്പിച്ച ഒമാൻ- ഫ്രാൻസ് റെയിൽ ആൻഡ് മൊബിലിറ്റി ഡേ 2025 പരിപാടിയിലാണ് ഇതു സംബന്ധമായ ചർച്ചകൾ നടന്നത്. ഒമാൻ വിഷൻ 2040 ഭാഗമാണ് ഇരു പദ്ധതികളും. പരിപാടിയിൽ മസ്കത്ത് മെട്രോയും ഹഫീത് റെയിൽവേയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചർച്ചകൾ.
13 ഫ്രഞ്ച് കമ്പനികളിൽനിന്നുള്ള പ്രതിനിധി സംഘവും മുവാസലാത്ത്, അസ്യാദ്, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് എന്നിവയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഉന്നത തല ചർച്ചയിൽ പങ്കെടുത്തു. ഒമാനിലെ ഫ്രഞ്ച് എംബസി ഉപതലവൻ ലൂസിയാനോ റിസ്പോലിയാണ് മൊബിലിറ്റി ഡേ ഉദ്ഘാടനം ചെയ്തത്. റെയിൽ എൻജിനീയറിങ്, സുരക്ഷ, മൊബിലിറ്റി ടെക്നോളജി എന്നിവയായിരുന്നു ചർച്ചയിലെ അജണ്ടകൾ.
ഇപ്പാൾ സാധ്യത പഠനം നടക്കുന്ന മസ്കത്ത് മെട്രോ ചർച്ചയിലെ പ്രധാന വിഷയമായിരുന്നു. 50 കിലോമീറ്ററിൽ 36 സ്റ്റേഷനുകളിലായാണ് മസ്കത്ത് മെട്രോയുടെ ഒന്നാം ഘട്ടം. തലസ്ഥാന നഗരിയിലെ താമസ, വാണിജ്യ, സഞ്ചാര മാർഗ കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണ് മെട്രോ കടന്നുപോവുക. ഗതാഗതക്കുരുക്ക് കുറക്കാനും യാത്ര സുഗമമാക്കാനും പദ്ധതി സഹായിക്കും.
മെട്രോ പദ്ധതി ഹഫീത് റെയിൽ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതോടെ പ്രധാന സാമ്പത്തിക സോണുകളിലൂടെ എളുപ്പത്തിൽ കടന്നുപോവാൻ കഴിയും. പുതിയ 2021-2025 ഗതാഗത ലോജിസ്റ്റിക് നയത്തിന്റെ ഭാഗമായി നാല് ശതകോടി ഡോളറാണ് പദ്ധതിക്ക് ചെലവിടുന്നത്. ഫ്രാൻസ് മൊബിലിറ്റിയായിരുന്നു പരിപാടിയുടെ മുൻ നിരയിലുണ്ടായിരുന്നത്. ദാസോൾട്ട് സിസ്റ്റംസ്, വിൻസി കൺസ്ട്രക്ഷൻ ഗ്രാൻറ് പ്രൊജറ്റ്സ്, ആർ.എ.ടി.പി ദെവ് തുടങ്ങിയ വൻ കമ്പനികളും അപാവ്, കോഡ്ര, സാർസ്താൽ റെയിൽ എന്നീ കമ്പനികളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

