മത്ര: യുവാക്കൾക്ക് രാഷ്ട്രനിർമാണത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന ്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ബാലിശമായ നിലപാടുകൾകൊണ്ട് യുവാക്കളുടെ അവസരം നഷ്ടപ്പെടുന്നത് പതിവാണെന്നും ഫിറോസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മത്ര കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ പെങ്കടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അതേസമയം, ലീഗ് നേതൃത്വത്തിൽനിന്ന് യുവാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ സമ്മർദശക്തിയാകുന്നതില് യൂത്ത് ലീഗ് പരാജയമല്ലേ എന്ന ചോദ്യത്തിന് അല്ല എന്നുമാത്രം പറഞ്ഞ് ഫിറോസ് ഒഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാമത് സീറ്റ് ലീഗിന് അർഹതപ്പെട്ടതാണ്. കോണ്‍ഗ്രസും ലീഗും നല്ല സഹകരണത്തിലാണ്. നേതൃത്വം അക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
യൂത്ത് ലീഗ് നേതാവെന്ന നിലയിൽ പാര്‍ലമെൻറിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയാണ് അത്തരം കാര്യങ്ങളിലൊക്കെ അന്തിമമായി തീരുമാനമെടുക്കുകയെന്നായിരുന്നു മറുപടി. യുവാക്കള്‍ക്ക് സീറ്റ് വേണം എന്നത് ന്യായമായ ആവശ്യമായി പാര്‍ട്ടിയില്‍ പലരും പറയാറുള്ളതാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കെ.ടി. ജലീൽ മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി കിടക്കുന്നത് രാഷ്ട്രീയ അധാർമികതയാണ്. പിണറായിയുടെ പിന്തുണയുടെ ബലംകൊണ്ടാണ് മന്ത്രിസ്ഥാനം രാജിവെക്കാത്തത്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാനൊന്നും പോകുന്നില്ല. അത് അവരുടെ വെറും അവകാശവാദം മാത്രമാണെന്നും ഫിറോസ് പറഞ്ഞു. കെ.എ.സി.സി പ്രവര്‍ത്തകര്‍ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണമാണ് മത്ര സൂഖിൽ നൽകിയത്.