മത്ര ജിദാനില് പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു
text_fieldsമത്ര: ജിദാനില് പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതല്‍ മത്രയില്‍ ജല വിതരണം തടസ്സപ്പെട്ടു. ജല വിതരണം രാത്രി വൈകിയും പൂര്‍വ സ്ഥിതിയില്‍ ആയില്ല.
പള്ളികളിലും വെള്ളമില്ല. മത്ര ജിദാന്‍ സൂഖിലും പരിസര പ്രദേശങ്ങളിലേക്കുമുള്ള ജലവിതരണം നടക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. തുടര്‍ന്ന് സൂഖിലൂടെ മണിക്കൂറുകളോളം വെള്ളം പരന്നൊഴുകി. സൂഖിന്റെ രണ്ടാം ഗേറ്റിലൂടെ പോര്ബമ്പ സൂഖിലൂടെ വെള്ളമൊഴുകിയത് കാല് നടയാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമായി. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തപ്പോഴും വാദിയായി വെള്ളം ഒഴുകിയ ഭാഗത്തുകൂടെ തന്നെയാണ് പൈപ്പുകള്‍ പൊട്ടിയാലും നീരൊഴുകി എത്താറുള്ളത്. ഫ്ലാറ്റുകളടക്കം താമസയിടങ്ങളിലുമുള്ള സപ്ലൈ നിലച്ചതിനാല്‍ സംഭരണ ടാങ്കുകളിലെ വെള്ളവും നേരത്തേതന്നെ കാലിയായത് പ്രയാസങ്ങള്‍ സൃഷ്ടിച്ചു.ജിദാന്‍ റോഡിന് മധ്യത്തില്‍ ആഴത്തിലുള്ള അടിഭാഗത്തുകൂടിയാണ് ജലവിതരണ പൈപ്പുകള്‍ പോകുന്നത്.
ഇവ കുഴിച്ച് മണ്ണ് നീക്കിയാണ് പൊട്ടിയ പൈപ്പുകള്‍ മാറ്റുന്ന പണികള്‍ പുരോഗമിക്കുന്നത്. ജിദാന്‍ റോഡിലൂടെയുള്ള ഗതാഗതം വഴി തിരിച്ചുവിട്ട് മണിക്കൂറുകള്‍ നീണ്ട അറ്റകുറ്റപ്പണികള്‍ തുടരുകയാണ്.

