മസ്കത്ത്: ഫോൺ ലോട്ടറി തട്ടിപ്പു സംഘങ്ങൾ വീണ്ടും തലപൊക്കുന്നു. വലിയ തുകയുടെ ലോട്ടറി അടിച്ചെന്ന് ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാർഡ് വിവരങ്ങളുമടക്കം കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. നിരവധി പേർക്ക് ഇത്തരം കാളുകളും മെസേജുകളും വീണ്ടും ലഭിക്കുന്നുണ്ടെന്ന് ആർ.ഒ.പി പ്രതിനിധി പറയുന്നു. അജ്ഞാത നമ്പറുകളിൽനിന്നുള്ള കാളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കാതിരിക്കുകയാണ് ഇത്തരം തട്ടിപ്പുസംഘങ്ങളുടെ വലയിൽ കുടുങ്ങാതിരിക്കുന്നതിനുള്ള മാർഗം.
ഒമാൻ നമ്പറുകളിൽനിന്നും വിദേശ നമ്പറുകളിൽനിന്നും തട്ടിപ്പുകാർ വിളിക്കുന്നുണ്ട്. ഇത്തരം കാളുകളോട് പ്രതികരിക്കുകയോ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ കൈമാറുകയുമോ ചെയ്യരുത്. സമൂഹമാധ്യമങ്ങളിൽ അജ്ഞാതരുമായുള്ള ഇടപെടലുകളിലും കരുതൽ ആവശ്യമാണ്. ആർ.ഒ.പിയുടെ കർശന നടപടികളെ തുടർന്ന് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം ഒതുങ്ങിയതായിരുന്നു. ഇൗ വർഷം ആദ്യം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനകളിൽ 32 പേർ പിടിയിലായിരുന്നു. മൊത്തം 60 മൊബൈൽ ഫോണുകളും 70 സിം കാർഡുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.