വ്യക്തിഗത ആദായനികുതി നിയമം; കരട് ശിപാർശകൾക്ക് അംഗീകാരം
text_fieldsമസ്കത്ത്: ഒമാനിൽ നടപ്പാക്കാൻ പോകുന്ന വ്യക്തിഗത ആദായ നികുതി നിയമത്തിന്റെ കരട് ശുപാർശകൾക്ക് ഒമാൻ സ്റ്റേറ്റ് കൗൺസിലും മജ്ലിസ് ശൂറയും അംഗീകാരം നൽകി. പ്രതിവർഷ വരുമാനം 50,000 റിയാലിന് മുകളിലുള്ളവരിൽനിന്ന് അഞ്ച് ശതമാനം ആദായ നികുതി ഈടാക്കാനുള്ള കരട് ശുപാർശകൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. മധ്യവർഗത്തിന്റെ പ്രയോജനത്തിനായാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. വ്യക്തിഗത ആദായനികുതിയിൽ ഗ്രാറ്റുവിറ്റിയോ മറ്റ് സേവനാവസാന ആനുകൂല്യങ്ങളോ വരുമാന സ്രോതസ്സുകളായി കണക്കാക്കേണ്ടതില്ലെന്നും ഇരു കൗൺസിലുകളും സമ്മതിച്ചു.
നേരത്തെ പ്രതിമാസം 2500 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) ആദായ നികുതി ചുമത്താനായിരുന്നു ചർച്ചകൾ നടന്നിരുന്നത്. നിയമം നടപ്പിലാക്കുന്നത് മാറ്റിവെക്കണമെന്നും ചില അംഗങ്ങൾ നിർദേശിച്ചു. നിയമം നടപ്പിലാക്കുകയാണെങ്കിൽ മിനിമം വരുമാനം വർധിപ്പിക്കുകയും മറ്റ് ശുപാർശകൾ കൂടി ഉൾപ്പെടുത്തുകയും വേണമെന്നും പറഞ്ഞു.
അതേസമയം, എല്ലാവ്യവസ്ഥകളും പാലിക്കുന്നതുവരെ ആദായനികുതി നിയമം നടപ്പാക്കുകയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതിക്ക് പകരം മൂല്യവര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്താനുള്ള നിർദേശത്തെയും സർക്കാർ തള്ളിയിട്ടുണ്ട്. വാറ്റ് വര്‍ധിപ്പിക്കുന്നത് എല്ലാവരെയും ബാധിക്കുന്നതാണെന്നും അതേസമയം, ആദായ നികുതി 30,000 റിയാലിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള ജനസംഖ്യയില്‍ ഒരു ശതമാനത്തെ മാത്രം ബാധിക്കുകയൊള്ളുവെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കോർപ്പറേറ്റ്, സെലക്ടീവ്, മൂല്യവർധിത നികുതികൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് 2024 ൽ ഏകദേശം 1.4 ബില്യൺ റിയാലാണ് സമാഹരിച്ചത്.
വ്യക്തിഗത ആദായ നികുതി നിയമം നടപ്പാക്കുന്നതിന് അന്തിമ തീരുമാനത്തിന് അംഗീകാരം കൂടി ലഭിക്കണം. തീരുമാനം നടപ്പിലായാല്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍. അതേസമയം, എണ്ണ കയറ്റുമതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങൾക്ക് വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതും നികുതി പരിഷ്കാരങ്ങൾ നടപ്പാക്കുന്നതും പ്രധാന മുൻഗണനകളായി തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധി പറഞ്ഞു.
പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തിഗത ആദായ നികുതി നടപ്പിലാക്കാന്‍ ഒമാനൊരുങ്ങുന്നത്. പഞ്ചവത്സര പദ്ധതികളിലൂടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച കൈവരിക്കുന്നതിനായി 2021 മുതല്‍ 2040 വരെ ഒമാന്‍ നടപ്പാക്കുന്ന വിഷന്‍ 2040ന്റെ ഭാഗമാണ് പുതിയ നികുതി സമ്പ്രദായം. വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഒമാനില്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. 2022ല്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ ആദ്യമായി അവതരിപ്പിച്ചു. നിര്‍ദിഷ്ട ബില്‍ അനുസരിച്ച് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ബാധകമായിരിക്കും. രാജ്യത്തിന് സുസ്ഥിരമായ വരുമാന മാര്‍ഗം പ്രദാനം ചെയ്യുന്നതാണ് പുതിയ തീരുമാനം. അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

