രാജ്യം വിടാനുള്ള അനുമതി; വിദേശികൾ മടങ്ങി തുടങ്ങി
text_fieldsമസ്കത്ത്: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്ന വിദേശികൾക്ക് രാജ്യം വിടുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദേശികൾ നാടുകളിലേക്ക് മടങ്ങി തുടങ്ങി. അതേസമയം, ഇന്ത്യക്കാരുടെ മടക്കം മന്ദഗതിയിലാണ്. ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിന് ഒപ്പം ഉയർന്ന യാത്രാക്കൂലി നില നിൽക്കുന്നതുമാണ് കാരണം.
25000ത്തോളം വിദേശികളാണ് ഇതുവരെ അവരവരുടെ നാടുകളിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് കണക്കുകൾ. ഇതിൽ ഇന്ത്യക്കാരുടെ എണ്ണം പൊതുവെ കുറവാണ്. രണ്ടായിരത്തിലധികം ഇന്ത്യക്കാർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത്.
തൊഴിൽ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അനുമതി ലഭിച്ചവരിൽ പാസ്പോർട്ട് കൈവശമുള്ളവർക്ക് എംബസിയെ സമീപിക്കാതെ പി.സി.ആർ പരിശോധന നടത്തി മടങ്ങാവുന്നതാണ്. അല്ലാത്തവർ എംബസിയെ സമീപിച്ച് എമർജൻസി സർട്ടിഫിക്കറ്റ് വാങ്ങണം. ഇതുവരെ അഞ്ഞൂറോളം പേർക്കാണ് എംബസി എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകിയതെന്നാണ് വിവരം.
ഡിസംബറിൽ എയർഇന്ത്യ എക്സ്പ്രസ് സർവിസിന് ഉയർന്ന നിരക്കാണ് എന്നതിന് ഒപ്പം വളരെ ഇനിയുള്ള കുറച്ച് ദിവസങ്ങളിൽ മാത്രമാണ് സീറ്റുകൾ ഒഴിവുള്ളൂ. 150 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. അവധിക്ക് നാട്ടിൽ പോകുന്നവർക്ക് ഒപ്പം പൊതുമാപ്പിൽ മടങ്ങുന്നവരും കൂടിയായതിനാലാണ് സീറ്റുകൾ നിറയുന്നതെന്ന് ട്രാവലിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഒമാൻ എയറിന് 200 റിയാലിന് മുകളിലാണ് നിരക്ക്. ഉയർന്ന നിരക്കിൽ നിന്ന് രക്ഷനേടാൻ എയർ അറേബ്യയുടെ കണക്ഷൻ വിമാനത്തിൽ പോകുന്നവരുണ്ട്. ആവശ്യക്കാർ കൂടിയതോടെ എയർ അറേബ്യയും നിരക്കിൽ വർധന വരുത്തിയിട്ടുണ്ട്. രേഖകളൊക്കെ ശരിയാക്കിയശേഷം ജനുവരിയിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുത്തവരുമുണ്ട്. ജനുവരിയിൽ നിരക്കുകളിൽ ചെറിയ കുറവുള്ളതിനാലാണിത്. ഡിസംബർ 31നകം രജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം നാട്ടിലേക്ക് മടങ്ങുന്നതിനായി സമയമനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞതിനുള്ള ഫീസുകളും പിഴയും ഒഴിവാക്കി നൽകുന്ന പദ്ധതിക്ക് കീഴിൽ മടങ്ങാനാഗ്രഹിക്കുന്നവർ തൊഴിൽ മന്ത്രാലയം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്.
നേരിേട്ടാ അല്ലെങ്കിൽ എംബസി/ സനദ് ഒാഫിസുകൾ മുഖേനയോ ഇൗ രജിസ്ട്രേഷൻ നടത്താവുന്നതാണ്. അഞ്ചു മുതൽ ഏഴ് ദിവസത്തിനുള്ളിൽ തൊഴിൽ മന്ത്രാലയം അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കും. മടങ്ങാൻ അനുമതി ലഭിച്ചവരിൽ പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് ബി.എൽ.എസ് ഒാഫിസിലോ ബി.എൽ.എസിെൻറ പാസ്പോർട്ട്/വിസ കലക്ഷൻ സെൻററിലോ പോയി എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
