ഖുറമിലേക്കൊഴുകി ജനം; കടലിൽ നിരന്ന് പടക്കപ്പലുകൾ
text_fieldsഖുറം കടൽതീരത്ത് ഒമാന്റെ ദേശീയ പതാകകളുമായി നാവിക പരേഡ് കാണാനെത്തിയ കുടുംബം
മസ്കത്ത്: ദേശീയ ദിനാഘോഷത്തന്റെ ഭാഗമായി ഖുറം കടലിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന നാവിക പരേഡ് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി.
ഒമാനികളെപോലെ പ്രവാസികൾക്കും ഇത് ആഘോഷത്തന്റെ വിരുന്നായി. പലരും കുടുംബസമേതമാണ് കടലിലെ പടക്കപ്പലുകളുടെ പ്രകടനം കാണാനെത്തിയത്.
ദേശീയദിനഘോഷത്തിന്റെ ഭാഗമായി ഖുറം കടലിൽ വെള്ളിയാഴ്ച നടന്ന നാവിക പരേഡിൽനിന്ന്, നേവൽ പരേഡ് ഫുൽക് അസ്സലാമയിൽനിന്ന് വീക്ഷിക്കുന്ന സുൽത്താൻ ഹൈതം ബിൻ താരിഖ്. പടക്കപ്പലുകൾക്കൊപ്പം ഫുൽക് അസ്സലാമയും സന്ദർശകരുടെ
ശ്രദ്ധാകേന്ദ്രമായി
പുറംകടലിലും നാവികസേന ആസ്ഥാനത്തും മാത്രം കിടക്കാറുള്ള യുദ്ധക്കപ്പലുകളെ അടുത്തുകാണാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലായിരുന്നു എല്ലാവരും.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ബോട്ടായ ഫുൽക് അസ്സലാമയിൽ ഖുറമിലേക്ക് നീങ്ങി. സുൽത്താന്റെ യാത്ര കാണാൻ മത്രയിലെ സുൽത്താൻ ഖാബൂസ് പോർട്ടിന് സമീപം നൂറുകണക്കിന് സ്വദേശികൾ കാത്തുനിന്നിരുന്നു.
രാജകീയ യാട്ടിന് ഒപ്പം പരമ്പരാഗത ഒമാനി വള്ളങ്ങളും കപ്പലുകളും അണിനിരന്നപ്പോൾ രാജ്യത്തിന്റെ ദീർഘകാല സമുദ്രചരിത്രവും കഴിവും പൈതൃകവും തെളിഞ്ഞു. ഖുറമിൽ യാട്ടിൽനിന്ന് സുൽത്താൻ നേവൽ പരേഡ് വീക്ഷിച്ചു. റോയൽ നേവി ഓഫ് ഒമാനിന്റെയും ജി.സി.സി രാജ്യങ്ങളുടെയയും കപ്പലുകൾ പ്രദർശനത്തിൽ പങ്കെടുത്തു. ഒമാനിന്റെ നാവിക കരുത്ത്തെളിയിക്കുന്ന പ്രകടനമാണ് ഖുറം കടലിൽ അങ്ങേറിയത്. മേഖലയിലെ സൗഹൃദരാജ്യങ്ങളുമായുള്ള ഒമാന്റെ സഹകരണത്തിന്റെ ഭാഗമായി 41 കപ്പലുകൾ പ്രദർശനത്തിന്റെ ഭാഗമായി. റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഒമാൻ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ കപ്പലുകൾ പ്രദർശനത്തിലെത്തി. ഖുറം ബീച്ചിൽ വലിയ സ്ക്രീനുകളിലൂടെ തത്സമയം പ്രക്ഷേപണം ഒരുക്കിയിരുന്നു.
ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി മസ്കത്ത് സീബിലെ അൽ ഖൂദിൽ നടന്ന കരിമരുന്ന് പ്രയോഗം ആകാശത്ത് വർണക്കാഴ്ചയൊരുക്കിയപ്പോൾ. വെള്ളിയാഴ്ച രാത്രി ഖുറമിലും കരിമരുന്ന് പ്രയോഗം ദൃശ്യവിരുന്നൊരുക്കി
ഇതോടനുബന്ധിച്ച് വിവിധ പരിപാടികളും ബീച്ചിൽ അരങ്ങേറി. നാവികപ്രദർശനത്തിന്റെ ഭാഗമായി ഖുറമിൽ ഗതാഗതക്രമീകരണങ്ങള് ഏർപ്പെടുത്തിയിരുന്നു.മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് റൗണ്ട് എബൗട്ടിൽ നിന്ന് ഖുറം ബീച്ച് റൗണ്ട് എബൗട്ടിലേക്കുള്ള റോഡ് പൂർണമായും അടച്ചിട്ടിട്ടുണ്ട്.ശനിയാഴ്ച വൈകീട്ട് മൂന്നുവരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

