നുഴഞ്ഞുകയറ്റം; നടപടി ശക്തമാക്കി ആർ.ഒ.പി
text_fieldsമസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി). ജൂണിൽ നുഴഞ്ഞുകയറിയ 58 വിദേശ പൗരന്മാരെ പിടികൂടിയതായി ആർ.ഒ.പി അറിയിച്ചു. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡന്റ് ജൂൺ 29ന് രാജ്യത്തേക്ക് കടന്നുകയറിയ ആറുപേരെയും ഇവരെ സഹായിച്ച ഒരാളെയും പിടികൂടിയിരുന്നു. സലാല വിലായത്തിൽനിന്നാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയത്.
ജൂൺ 26ന് 18 വിദേശികളെയും ഇവരെ സഹായിച്ചതിന് നാല് സ്വദേശികളെയും അൽവുസ്താ ഗവർണറേറ്റ് പൊലീസ് കമാൻഡന്റ് അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ വംശജരാണ് പിടിയിലായവർ. 20ന് വടക്കൻ ബാത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് ബോട്ടിലെത്തിയ 23 പേരെയാണ് പിടികൂടിയത്. വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു ഇവർ. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരുകയാണെന്ന് അധികൃതർ അറിയിച്ചു.രാജ്യത്തേക്ക് നുഴഞ്ഞുകയറുകയും മയക്കുമരുന്ന് കടത്തുകയും ചെയ്തതിന് വിദേശിയെ ജൂൺ അഞ്ചിന് പിടികൂടിയിരുന്നു. മയക്കുമരുന്നുകളുടെയും ലഹരി ഉൽപന്നങ്ങളുടെയും കടത്ത് തടയുന്ന വിഭാഗത്തിന്‍റെയും വാദി അൽ-മാവിലിലെ സ്പെഷൽ ടാസ്‌ക് ഫോഴ്‌സ് യൂനിറ്റിന്റെയും സഹകരണത്തോടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ പൊലീസ് കമാൻഡന്റാണ് ആളെ പിടികൂടുന്നത്. പ്രതിയുടെ പക്കൽനിന്നും 49 കിലോ ഹഷീഷും 194 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

