കുടുംബം കൈെയാഴിഞ്ഞ പ്രവാസിക്ക് തണലായി പീസ് വാലി
text_fieldsകൃഷ്ണൻ മസ്കത്ത് വിമാനത്താവളത്തിൽ സാമൂഹിക പ്രവർത്തകരോടൊപ്പം
മസ്കത്ത്: പക്ഷാഘാതത്തെ തുടർന്ന് നാലു മാസത്തോളമായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന പ്രവാസിയെ പീസ് വാലി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കയച്ചു. ഏപ്രിൽ 30നുണ്ടായ മസ്തിഷ്കാഘാതത്തെ തുടർന്നാണ് മലപ്പുറം സ്വദേശി മണ്ടകത്തിങ്കൽ കൃഷ്ണൻ എന്നയാളെ റോയൽ ഒമാൻ പൊലീസ് ഖൗല ആശുപത്രിയിൽ എത്തിച്ചത്. സുമനസ്സുകളുടെ സഹായത്തോടെ മാസങ്ങളോളം നീണ്ട ചികിത്സയിൽ ഭാഗികമായി ഭേദപ്പെടുകയും യാത്ര ചെയ്യാൻ ഉള്ള സാഹചര്യത്തിൽ എത്തുകയും ചെയ്തു. വലതു വശം തളർന്ന ഇദ്ദേഹത്തെ വീൽ ചെയറിൽ നാട്ടിൽ എത്തിക്കാൻ നാട്ടുകാരായ ആളുകൾ ശ്രമിച്ചെങ്കിലും കുടുംബം ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് നീണ്ടുപോകുകയായിരുന്നു.
തുടർന്ന് , ഖൗല ആശുപത്രി ഇന്ത്യൻ എംബസിയെ ബന്ധപ്പെടുകയായിരുന്നു. എംബസി ഈ ദൗത്യം സാമൂഹിക പ്രവർത്തകനായ അനീഷ് കടവിനെ അറിയിച്ചു. അദ്ദേഹം കുടുംബവുമായും ജില്ലാ അധികാരികളുമായും ബന്ധപ്പെട്ടെങ്കിലും കുടുംബം ഏറ്റെടുക്കാൻ തയാറായിരുന്നില്ല. തുടർന്നാണ് എറണാകുളം ജില്ലയിൽ കോതമംഗലത്ത് പ്രവർത്തിക്കുന്ന പീസ് വാലി ഹ്യൂമൺ കെയർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടത്. എംബസി വഴി എറണാകുളം ജില്ല കലക്ടർക്ക് ഇതുസംബന്ധിച്ച രേഖകൾ കൈമാറുകയും തുടർന്ന് കലക്ടറുടെ അനുമതിയോടെ പീസ് വാലി ഏറ്റെടുക്കാൻ തയാറാവുകയുമായിരുന്നു. മുമ്പ് രണ്ടു തവണ ശ്രമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ വിമാനത്താവളത്തിൽ െവച്ച് യാത്ര മുടങ്ങുകയായിരുന്നു. മൂന്നാം തവണയാണ് യാത്ര സാധ്യമായതെന്ന് അനീഷ് അറിയിച്ചു.
ഇതിനോടകം കേരളത്തിലുടനീളം മാനുഷികമായ ഇത്തരം ഏറ്റെടുക്കലിലൂടെയും ഇടപെടലിലൂടെയും ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഭാഗമായ പീസ് വാലി, ഏറ്റവും ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പരിചരണമാണ് വിവിധ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന മുതിർന്നവർക്കും കുട്ടികൾക്കുമായി സൗജന്യമായി നൽകുന്നത്. ഉദാരമതികളുടെ സഹകരണത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നൽകുന്നതെന്ന് പ്രതിനിധി സാബിത് ഉമ്മർ പറഞ്ഞു.
കൃഷ്ണനെ നാട്ടിലെത്തിക്കുകയെന്ന ഉദ്യമം എളുപ്പത്തിലാക്കാൻ മുൻകൈ എടുത്ത ഇന്ത്യൻ എംബസിക്കും, വിഷയം അറിയിച്ചപ്പോൾ സന്നദ്ധനായ പീസ് വാലി ചെയർമാൻ അബൂബക്കറിനും ഒമാൻ പ്രസിഡന്റ് നൗഷാദ് റഹ്മാനും അനീഷ് കടവിൽ നന്ദി അറിയിച്ചു. തുടർന്നും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾക്ക് പീസ് വാലി കൂടെ യുണ്ടാകുമെന്നു നൗഷാദ് റഹ്മാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

