ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം
text_fieldsതന്റെ കൈകൊണ്ട് മെനഞ്ഞു ജീവശ്വാസം നൽകിയ സൃഷ്ടി നശിച്ചു പോകാതിരിക്കാൻ തന്റെ ഏകജാതനെ മകനെ നൽകുവാൻ തക്കവണ്ണം ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു. യേശു ഈ ഭൂമിയിലേക്ക് ജനിച്ചത് ആ വലിയ സ്നേഹത്തിന്റെ പൂർത്തീകരണത്തിന് വേണ്ടിയാണ്. യേശു ജനിച്ചപ്പോൾ മാലാഖമാർ സന്തോഷം കൊണ്ട് പാട്ടുപാടി ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം. ഇന്ന് പലപ്പോഴും നമുക്ക് ലഭിക്കാത്തത് ഈ സമാധാനമാണ്. നമ്മൾ ക്രിസ്മസ് ആഘോഷിക്കുമ്പോഴും പലപ്പോഴും ഹൃദയത്തിൽ നിന്ന് എവിടെയൊക്കെയോ അകലെയാണ് ക്രിസ്തു. ഈ ക്രിസ്മസ് കാലയളവിൽ ഒറ്റപ്പെടലും പ്രയാസം അനുഭവിക്കുന്നവരെയും ചേർത്തുനിർത്തി അവരെ നമുക്ക് ആത്മാർഥമായി സ്നേഹിക്കാൻ, കരുതുവാൻ സാധിക്കുമ്പോൾ തീർച്ചയായിട്ടും നമ്മുടെ ഉള്ളിലും ക്രിസ്തു ജനിക്കും, ജീവിക്കും. യേശുവും ഇതേ മാതൃകയാണല്ലോ ലോകത്ത് കാണിച്ചു തന്നത്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നുള്ള വലിയ സന്ദേശം ഉൾക്കൊള്ളുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ നമുക്കും മാലാഖമാർ പാടിയത് പോലെ, ലോകത്തിനും നമുക്കും സമാധാനം കണ്ടെത്താൻ സാധിക്കും. അതുപോലെ തന്നെ ക്രിസ്മസ് വലിയ ശൂന്യവൽക്കരണത്തിന്റെ ഓർമപ്പെടുത്തലാണ്. ഈ ലോകം വെട്ടിപ്പിടിക്കുവാൻ നെട്ടോട്ടമോടുമ്പോഴും ക്രിസ്തു സമ്മാനിച്ച ചില ദിനങ്ങൾ മാത്രമാണ് നമുക്ക് ഈ ലോകത്തുള്ളതെന്ന ബോധത്തോടെ സ്വയം ശൂന്യവൽക്കരിക്കുവാനും മറ്റുള്ളവരെ കരുതുവാനും ക്രിസ്തു സ്നേഹിച്ചത് പോലെ മറ്റുള്ളവരെ സ്നേഹിക്കുവാനും ക്രിസ്മസ് ദിനങ്ങൾ നമ്മെ സഹായിക്കട്ടെ. എല്ലാവർക്കും ക്രിസ്മസിന്റെയും പുതുവസരത്തിന്റെയും ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

