ദാങ്കിൽ വികസനക്കുതിപ്പിന് വഴിയൊരുങ്ങുന്നു; രണ്ട് ലക്ഷം റിയാലിന്റെ അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ദാങ്ക് വിലായത്തിൽ വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി ഏകദേശം രണ്ട് ലക്ഷം ഒമാനി റിയാലിന്റെ അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു. സ്വകാര്യ മേഖലയുടെ സാമ്പത്തിക പങ്കാളിത്തത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം, കായികം, മതകാര്യങ്ങൾ തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം. പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.
ദാഹിറ ഗവർണർ താഹിർ ബിൻ മബ്ഖൂത് അൽ ജുനൈബിയുടെ നേതൃത്വത്തിലാണ് കരാർ ഒപ്പുവെച്ചത്. ദാങ്ക് വാലി മുസ്‌ലിം ബിൻ അഹമ്മദ് അൽ മഅ്ശനി ഉൾപ്പെടെ വിവിധ പ്രതിനിധികൾ പങ്കെടുത്തു. പ്രാദേശിക വികസനത്തിൽ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരാറുകൾ. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സുസ്ഥിര സാമൂഹിക വികസനം ഉറപ്പാക്കാനും പദ്ധതികൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.

