പാസ്പോർട്ട് അനുവദിക്കുന്നതിൽ വിവേചനമുണ്ടാവില്ലെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ
text_fieldsമസ്കത്ത്: ഒമാനിൽ താമസിക്കുന്ന യോഗ്യരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ജോലിയോ പദവിയോ നോക്കാതെ 10 വർഷത്തെ പൂർണ കാലാവധിയുള്ള പാസ്‌പോർട്ടുകൾ അനുവദിക്കുമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ പറഞ്ഞു. മുമ്പ് ഏതാനും വിഭാഗം തൊഴിലാളികൾക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്‌പോർട്ടുകൾ അനുവദിച്ചിരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും. ഒമാനിലെ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അംബാസഡർ ഇക്കാര്യം വ്യക്തമാക്കിയത്.
ചുരുക്കത്തിൽ, ജോലിയുടെ പേരിൽ ആർക്കും 10 വർഷത്തെ സാധാരണ പാസ്‌പോർട്ട് നിഷേധിക്കരുത് എന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നയം ഇപ്പോൾ ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി നടപ്പാക്കുകയാണ്.
പാസ്‌പോർട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ നിലപാട് വ്യക്തമാണെന്നും അപേക്ഷകൻ ‘എമിഗ്രേഷൻ ചെക്ക് റിക്വയേർഡ്’ (ഇ.സി.ആർ), ‘എമിഗ്രേഷൻ ചെക്ക് നോട്ട് റിക്വയേർഡ്’ (ഇ.സി.എൻ.ആർ) എന്നിവയിൽ ഏത് വിഭാഗത്തിൽ പെടുന്ന ആളാണെങ്കിലും, ആവശ്യമായ രേഖകൾ ഉണ്ടെങ്കിൽ 10 വർഷത്തെ പാസ്‌പോർട്ട് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാസ്‌പോർട്ടിന്റെ കാലാവധി ഒരാളുടെ തൊഴിലുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇന്ത്യൻ പൗരന്മാർക്കും പൂർണ കാലാവധിയുള്ള പാസ്‌പോർട്ടിന് അവകാശമുണ്ട്.
അതേസമയം, കൃത്യമായ രേഖകൾ ഇല്ലാതിരിക്കുകയോ, പോലീസ് വെരിഫിക്കേഷൻ പൂർത്തിയാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇനി കുറഞ്ഞ കാലാവധിയുള്ള പാസ്‌പോർട്ടുകൾ നൽകുന്നത് പരിഗണിക്കുകയുള്ളൂ. മുൻകാലങ്ങളിൽ സാധാരണക്കാരായ തൊഴിലാളികളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ചില പ്രത്യേക സാഹചര്യങ്ങളിൽ കുറഞ്ഞ കാലാവധിയുള്ള പാസ്‌പോർട്ടുകൾ നൽകിയിരുന്നതെന്നും അംബാസഡർ വിശദീകരിച്ചു. അംബാസഡറുടെ നിലപാട് ഒമാനിലെ ആയിരക്കണക്കിന് സാധാരണക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് വലിയ ആശ്വാസമാകും. അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടുള്ള പൊതുവായ പാസ്‌പോർട്ട് ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അംബാസഡർ ഇക്കാര്യം ഒമാനിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആർക്കാണ് ഇ.സി.ആർ പാസ്പോർട്ട് ലഭിക്കുക?
പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ഇന്ത്യൻ പൗരന്മാർ, പത്താം ക്ലാസ് ജയിച്ചതിന്റെ യോഗ്യതാ സർട്ടിഫിക്കറ്റ് (രേഖകൾ) അപേക്ഷാ സമയത്ത് സമർപ്പിക്കാൻ സാധിക്കാത്തവർ, നോൺ-ഇ.സി.ആർ യോഗ്യതകൾ ഇല്ലാത്ത 15 വയസ്സിന് മുകളിലുള്ള കുട്ടികൾ എന്നിവർക്കാണ് ഇ.സി.ആർ പാസ്പോർട്ട് ലഭിക്കുക. 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതുവരെയോ അല്ലെങ്കിൽ അഞ്ചു വർഷത്തെ കാലാവധിയിലേക്കോ മാത്രമായി പാസ്‌പോർട്ട് എടുക്കാം. ഏതാണോ ആദ്യം വരുന്നത് അതാണ് കണക്കാക്കുക.
ഇ.സി.ആർ ആവശ്യപ്പെടുന്ന രാജ്യങ്ങൾ
വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പി.ഒ.ഇ (പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ്) പ്രകാരം, ഒമാൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, മലേഷ്യ, ലിബിയ, ജോർഡൻ, യമൻ, ഇറാഖ്, ലബനൻ, സിറിയ, സുഡാൻ, അഫ്ഗാനിസ്താൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ 17 രാജ്യങ്ങളിലേക്കാണ് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളത്.
പാസ്പോർട്ടിലെ ഇ.സി.ആർ പദവി തിരിച്ചറിയാം
പുതുതായി പുറത്തിറങ്ങുന്ന ഇന്ത്യൻ പാസ്‌പോർട്ട് ബുക്ക്‌ലെറ്റുകളിൽ അവസാന പേജിൽ , പിതാവിന്റെയോ നിയമപരമായ രക്ഷിതാവിന്റെയോ പേര് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തിന് തൊട്ടുമുകളിലായാണ് ‘എമിഗ്രേഷൻ ചെക്ക് റിക്വായേഡ്’ എന്ന് അച്ചടിച്ചിരിക്കുന്നത്. അതേസമയം, അവസാന പേജിൽ ഇത്തരത്തിലുള്ള യാതൊരുവിധ പരാമർശങ്ങളോ പ്രത്യേക സ്റ്റാമ്പുകളോ ഇല്ലാത്ത പാസ്‌പോർട്ടുകൾ 'നോൺ-ഇ.സി.ആർ' വിഭാഗത്തിലാണ്.
ബുക്ക് ലെറ്റ് രൂപത്തിലുള്ള പഴയ പാസ്പോർട്ട് ആണെങ്കിൽ മൂന്നാം പേജിലോ അല്ലെങ്കിൽ ഒബ്‌സർവേഷൻ പേജിലോ ‘എമിഗ്രേഷൻ ചെക്ക് റിക്വായേഡ്’ എന്ന സ്റ്റാമ്പ് പതിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഇ.സി.ആർ വിഭാഗമാണ്.
ഇ.സി.ആർ പദവി മാറ്റാം
പത്താം ക്ലാസ് പാസാകുകയോ, വിദേശത്ത് തുടർച്ചയായി മൂന്നു വർഷം ജോലി പൂർത്തിയാക്കുകയോ ചെയ്യുന്ന തൊഴിലാളികൾക്ക് തങ്ങളുടെ ഇ.സി.ആർ പാസ്‌പോർട്ട് മാറ്റി നോൺ-ഇസിആർ പാസ്‌പോർട്ട് സ്വന്തമാക്കാം. ഇതിനായി ആവശ്യമായ രേഖകൾ സഹിതം പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കണം. നിലവിലെ പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പു തന്നെ പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ സാധിക്കും. അവസാന നിമിഷം വരെ കാത്തുനിൽക്കാതെ മുൻകൂട്ടി അപേക്ഷിക്കാൻ എംബസികൾ പ്രവാസികളോട് നിർദേശിക്കുന്നുണ്ട്.
അന്താരാഷ്ട്ര യാത്രകൾ നടത്തുന്നതിന് പാസ്‌പോർട്ടിന് കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. കാലാവധി ഇതിൽ കുറവാണെങ്കിൽ പല രാജ്യങ്ങളും വിസ അനുവദിക്കുകയോ വിമാനത്താവളങ്ങളിൽ പ്രവേശനം നൽകുകയോ ഇല്ല. പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാനോ ഇമിഗ്രേഷൻ സീൽ പതിക്കാനോ ആവശ്യമായ പേജുകൾ (കുറഞ്ഞത് രണ്ടു മുതൽ അഞ്ചു പേജുകൾ വരെ) ഇല്ലെങ്കിലും കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ പോലും പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

