ടൂറിസം മേഖലക്ക് സഹായവുമായി ‘പാർട്ണർ സപ്പോർട്ട് പ്ലാറ്റ്ഫോം’ ആരംഭിച്ചു
text_fieldsമസ്കത്ത്: സമഗ്ര ടൂറിസം വികസനപദ്ധതിയുടെയും ടൂറിസം പ്രമോഷന്റെയും ഭാഗമായി ഒമാനിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പങ്കാളികളെ സേവിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയം ‘പാർട്ണർ സപ്പോർട്ട് പ്ലാറ്റ്ഫോം’ ആരംഭിച്ചു. സുൽത്താനേറ്റിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പങ്കാളികൾക്ക് തന്ത്രപരമായ ദിശാസൂചനകളും ആസൂത്രണ പദ്ധതികളും നൽകാൻ ലക്ഷ്യമിട്ടാണിത് ഒരുക്കിയിരിക്കുന്നത്.
പ്രാദേശിക വിപണിയിലെ പങ്കാളികളുടെ ഡേറ്റാബേസ് തുടർച്ചയായി അപ്ഡേറ്റ് ചെയ്യാനാണ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നുണ്ട്. പ്രാദേശിക വിപണിയിലെ പങ്കാളികൾക്കുള്ള അടിസ്ഥാന വിവരവും വിദ്യാഭ്യാസപരവുമായ പ്ലാറ്റ്ഫോമായി ഇത് പ്രവർത്തിക്കുകയും ചെയ്യും. അന്താരാഷ്ട്ര പ്രദർശനങ്ങളിലും ശിൽപശാലകളിലും പങ്കെടുക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ വാർഷിക പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ, ടൂറിസം പ്രമോഷൻ മേഖലയിലെ പ്രതിമാസ വാർത്തക്കുറിപ്പുകളും പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തും. മന്ത്രാലയം സംഘടിപ്പിക്കുന്ന ഇവന്റുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഇത് സുഗമമാക്കുകയും ചെയ്യും.
പ്ലാറ്റ്ഫോം അഞ്ച് വിഭാഗങ്ങളാണുള്ളത്. വിപണന തന്ത്രത്തെയും ഒമാനി ടൂറിസം ഉൽപന്നത്തെയും കുറിച്ചുള്ള സംഗ്രഹ വിവരങ്ങൾ ഉൾപ്പെടുന്ന പരിശീലന കോഴ്സുകൾ അടങ്ങിയതാണ് ആദ്യത്തെ വിഭാഗം. രണ്ടാമത്തെ വിഭാഗം മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികൾക്കും സെമിനാറുകൾക്കുമായി സമർപ്പിച്ചിരിക്കുന്നു.
മന്ത്രാലയം പ്രാദേശികമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനങ്ങളിലും ബിസിനസ് വികസന പരിപാടികളിലും മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിന്റെ ടൈംടേബിളും ഇതിൽ ഉണ്ടായിരിക്കും. സുൽത്താനേറ്റിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്കായുള്ള ടൂറിസം ട്രിപ്പ് പ്രോഗ്രാമുകൾ മെച്ചപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ടൂർ ഓപറേറ്റർമാരെ നയിക്കുന്നതാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്.
പ്രാദേശിക ടൂറിസം മേഖലയിലെ പങ്കാളികൾക്ക് ബിസിനസ് വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റുകൾ അവലോകനം ചെയ്യുന്നതിനും സഹായിക്കുന്ന വാർത്തകളും വിവരങ്ങളും അടങ്ങിയ പ്രതിമാസ വാർത്തക്കുറിപ്പുകൾ നൽകുന്നതാണ് നാലാമത്തെ വിഭാഗം. അഞ്ചാമത്തെ വിഭാഗം ഒരു പ്രമോഷനൽ വിഷ്വൽ ഉള്ളടക്കമാണ്. അതിൽ ടൂറിസ്റ്റ് ഫോട്ടോകളും പങ്കാളികൾക്ക് അവരുടെ മാർക്കറ്റിങ് പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള പ്രമോഷനൽ പ്രസിദ്ധീകരണങ്ങളും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

