പാർത്തീനിയം വിഷച്ചെടി ദോഫാറിൽ വ്യാപിക്കുന്നു
text_fieldsമസ്കത്ത്: മനുഷ്യരിലും മൃഗങ്ങളിലും ചില അലർജി രോഗങ്ങൾക്കും ശ്വാസകോശ രോഗവും പരത്തുന്ന പാർത്തീനിയം വിഷച്ചെടി ദോഫാറിൽ വ്യാപിക്കുന്നു. നിറയെ വെള്ളപ്പൂക്കളുമായി പടർന്നുപിടിക്കുന്ന ചെടികൾ കാഴ്ചയിൽ നിരുപദ്രവമെന്ന് തോന്നാമെങ്കിലും ലോകത്ത് കണ്ടുവരുന്ന പത്തിനം വീര്യമേറിയ വിഷസസ്യങ്ങളിൽ ഒന്നാണ്. പാർത്തീനിയത്തിൽ അടങ്ങിയിരിക്കുന്ന പാർത്തെനിൻ ആണ് അലർജിയുണ്ടാക്കുന്നത്. ത്വക് രോഗങ്ങളും ശ്വാസകോശ രോഗങ്ങളും മനുഷ്യർക്ക് ഉണ്ടാക്കുന്നു. ഒരു ചെടിയിൽനിന്ന് 10,000 മുതൽ 20,000 വരെ വിത്തുകൾ ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ വളരെ വേഗം ഇവ പടർന്ന് വളരുകയും ചെയ്യും.
പാർത്തീനിയം ചെടിയുടെ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രത്യേക സംഘത്തിന് രൂപം നൽകുമെന്ന് ഒമാൻ എൻവയൺമെൻറ് അതോറിറ്റി അറിയിച്ചു. ചെടിയുടെ വ്യാപനത്തിനുള്ള കാരണം, പരിസ്ഥിതിക്കുണ്ടാക്കുന്ന നാശം എന്നിവ സംഘം പഠന വിധേയമാക്കും.
ചെടി വളർന്നുപടരുന്നത് തടയുന്നതിനുള്ള ഗവർണറേറ്റ് നിവാസികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ശ്രമങ്ങൾക്ക് വേണ്ട പിന്തുണ നൽകുമെന്നും എൻവയൺമെൻറ് അതോറിറ്റി അറിയിച്ചു.